Editorial

മാതൃഭാഷയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍

അമ്മമലയാളത്തെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ നാടാണു കേരളം. നാം ഔദ്യോഗികമായി ഒരു ഭാഷാ പ്രതിജ്ഞ ഉണ്ടാക്കിയിട്ടുമുണ്ട്. എം ടി വാസുദേവന്‍ നായര്‍ എഴുതിയ ഈ ഭാഷാ പ്രതിജ്ഞ ചൊല്ലി ഫെബ്രുവരി 21ന് നാം മാതൃഭാഷാ ദിനം ആചരിക്കുകയും ചെയ്തു. മലയാള ഭാഷയെ സജീവമാക്കി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍തലത്തില്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം മലയാള ഭാഷയ്ക്കു വേണ്ടി ആവേശത്തോടെ രംഗത്തിറങ്ങിയതും ശുഭോദര്‍ക്കമാണ്. മലയാളത്തെ ഏതാണ്ട് ഉപേക്ഷിച്ചുകഴിഞ്ഞ മലയാളിയെ ഭാഷാഭിമാനത്തിലേക്കും ഭാഷയുടെ ഉപയോഗത്തിലേക്കും തിരിച്ചുകൊണ്ടുവരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുമോ? സാധിച്ചെങ്കില്‍ വളരെ നന്നായേനെ.
എന്റെ ഭാഷ എന്റെ വീടാണ്, ആകാശമാണ്, ഞാന്‍ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ് എന്നൊക്കെപ്പറയുന്ന കവിതയാണ് എംടി എഴുതിയ ഭാഷാ പ്രതിജ്ഞ. എന്നാല്‍, സ്‌കൂള്‍ കുട്ടികളെക്കൊണ്ട് ഈ പ്രതിജ്ഞ ചൊല്ലിച്ചാല്‍ ഭാഷ വളരുമോ, നിലനില്‍ക്കുകയെങ്കിലും ചെയ്യുമോ എന്നതാണു ചോദ്യം. വിദ്യാലയങ്ങളില്‍ നിന്നും ഭരണരംഗത്തു നിന്നും ആദ്യവും പൊതുജീവിതത്തില്‍ നിന്ന് പതുക്കെപ്പതുക്കെയും മലയാളത്തെ പടിയടച്ചു പുറത്താക്കിയതിനുശേഷമാണ് നമുക്ക് മാതൃഭാഷയോട് പ്രണയം മൂക്കുന്നത്. പുറമേക്ക് എത്രയൊക്കെ ഭാഷാസ്‌നേഹം പറഞ്ഞാലും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തോടാണ് നമുക്ക് കമ്പം. നാടുനീളെ കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ സീറ്റ് കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കുന്ന മലയാളിയെ സാധാരണ സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ എന്തൊക്കെ പെടാപ്പാടുകളാണെന്നോ! സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങള്‍ പിടിച്ചുനില്‍ക്കുന്നതു പോലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിക്കൊണ്ടാണ്. ഒരുവശത്ത് ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യം കടുത്തതോതില്‍ നിലനില്‍ക്കുമ്പോള്‍, ഭാഷ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണെന്നും അമ്മയുടെ തലോടലാണെന്നും മറ്റും കവിത ചൊല്ലിയിട്ട് കാര്യമുണ്ടോ? പ്രതിജ്ഞയെഴുതിയ എംടി മുതല്‍ ഔദ്യോഗിക ഭാഷാ വകുപ്പിലെ ഗുമസ്തന്‍ വരെയുള്ളവര്‍ സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിപ്പിക്കുകയും പഠിപ്പിക്കണമെന്ന് കൊതിക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ പ്രായോഗികരംഗത്ത് എത്രത്തോളം ഭാഷാസ്‌നേഹത്തിന് മുന്നോട്ടുപോകാനാവും?
ഇംഗ്ലീഷിന് അനുദിനം മേല്‍ക്കൈ വര്‍ധിച്ചുവരുന്ന ആഗോളക്രമത്തില്‍ മാതൃഭാഷയിലേക്കുള്ള തിരിച്ചുപോക്ക് അധഃസ്ഥിത വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഇന്നു നിലവിലുണ്ട്. താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമാര്‍ജിക്കണമെന്നാണ് കാഞ്ച ഐലയ്യയുടെ നിലപാട്. സമൂഹത്തിലെ ഉന്നതര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമായ ആംഗലഭാഷാ പ്രാവീണ്യവും ആധുനിക വിജ്ഞാനങ്ങളും അധഃസ്ഥിതര്‍ക്ക് നിഷേധിക്കപ്പെടാന്‍ മാതൃഭാഷാ വിദ്യാഭ്യാസം കാരണമായേക്കുമെന്ന് കരുതുന്ന ദലിത്-പിന്നാക്ക സമുദായ ബുദ്ധിജീവികളുണ്ട്. മാതൃഭാഷയെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുമ്പോള്‍ ഇത്തരം പല വസ്തുതകളും പരിഗണിച്ചേ മതിയാവൂ.
Next Story

RELATED STORIES

Share it