Flash News

മാണിയുടെ പിന്‍ഗാമിയായി ജോസ് കെ മാണി; എതിര്‍പ്പുയര്‍ത്താനാവാതെ ജോസഫ് വിഭാഗം

കോട്ടയം: കെ എം മാണിയുടെ പിന്‍ഗാമി സ്ഥാനം ഉറപ്പിച്ചു മകന്‍ ജോസ് കെ മാണി പാര്‍ട്ടിയില്‍ പിടിമുറുക്കുമ്പോള്‍ എതിര്‍പ്പുയര്‍ത്താനാവാതെ നിസ്സഹായരാവുകയാണ് പി ജെ ജോസഫ് വിഭാഗം നേതാക്കള്‍. വൈസ് ചെയര്‍മാനായ ജോസ് കെ മാണിയുടെ പാര്‍ട്ടിയിലെ അപ്രമാദിത്വത്തില്‍ മുതിര്‍ന്ന നേതാക്കളടക്കം അസ്വസ്ഥരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ജോസ് കെ മാണിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പി സി ജോര്‍ജും ഫ്രാന്‍സിസ് ജോര്‍ജും അടക്കമുള്ളവര്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടിവിട്ടത്. വിമതശബ്ദം കുറഞ്ഞതോടെ ജോസ് കെ മാണി പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി. ഏറ്റവുമൊടുവില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യസഭാ സീറ്റിന്റെ തിളക്കവുമായി യുഡിഎഫിലേക്ക് മടങ്ങുമ്പോഴും ചര്‍ച്ചകളില്‍ ജോസ് കെ മാണിക്ക് മാത്രമായിരുന്നു പങ്കാളിത്തം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനവും തുടര്‍ധാരണകളും ജോസ് കെ മാണിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രൂപപ്പെട്ടതും. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാലായിലെ മാണിയുടെ വീട്ടില്‍ യുഡിഎഫ് നേതാക്കളെ എത്തിച്ചത് ഈ ചര്‍ച്ചകളാണ്.
പി ജെ ജോസഫ് ഒഴികെ പാര്‍ട്ടിയിലെ എംഎല്‍എമാരും മറ്റു മുതിര്‍ന്ന നേതാക്കളും മാധ്യമങ്ങളിലൂടെയാണ് ചര്‍ച്ചകള്‍ അറിഞ്ഞത്. ഡല്‍ഹിയിലെ ചര്‍ച്ചകളിലൂടെ യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ചിരിക്കുന്ന സ്ഥിതിയുമാണ്. മുമ്പ് കോട്ടയത്ത് നടന്ന കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തോടനുബന്ധിച്ച് ജോസ് കെ മാണിയെ ചെയര്‍മാനാക്കാന്‍ നീക്കം നടത്തിയെങ്കിലും പി ജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ, പഴയ നേതൃത്വം അതേപടി തുടരുന്ന സാഹചര്യമുണ്ടായി. പുതിയ സാഹചര്യത്തില്‍ തലമുറമാറ്റത്തിനു സാധ്യത കൂടുതലാണെന്നാണ് പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും കരുതുന്നത്.
അടുത്ത കാലത്ത് കേരളാ കോണ്‍ഗ്രസ് സ്വീകരിച്ച പല നയപരമായ നിലപാടുകള്‍ക്കും ചുക്കാന്‍ പിടിച്ചത് ജോസ് കെ മാണിയാണ്. എല്‍ഡിഎഫുമായി കൈകോര്‍ക്കാനായിരുന്നു ജോസ് കെ മാണിക്ക് താല്‍പ്പര്യം. എന്നാല്‍, രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഉറപ്പു ലഭിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഏറെക്കാലത്തെ പ്രവൃത്തിപരിചയമില്ലാത്ത ജോസ് കെ മാണി നേതൃത്വം ഏറ്റെടുക്കുന്നതില്‍ പല എംഎല്‍എമാര്‍ക്കും താല്‍പ്പര്യമില്ലെങ്കിലും പിണക്കാന്‍ കഴിയാത്തതിനാല്‍ എതിര്‍പ്പ് ഉള്ളിലൊതുക്കുകയാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പി ജെ ജോസഫിന്റെ വിയോജിപ്പൊന്നും ഫലംകണ്ടില്ലെന്നാണ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിത്വം തെളിയിക്കുന്നത്. മഞ്ചേശ്വരം: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിക്കും ഡ്രൈവര്‍ ഫഹദിനും അപകടത്തില്‍ പരിക്കേറ്റു.
കൊല്ലൂരില്‍ നിന്നു കണ്ണൂരിലേക്കു വരുകയായിരുന്ന സതീശന്‍ പാച്ചേനി സഞ്ചരിച്ച ഇന്നോവ കാര്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മഞ്ചേശ്വരം പൊസോട്ടു വച്ചു നിയന്ത്രണം തെറ്റിവന്ന റിറ്റ്‌സ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പാച്ചേനിക്ക് കാലിനും ഡ്രൈവര്‍ക്കു കൈക്കും പരിക്കേറ്റു.
പ്രഥമ ശുശ്രൂഷയ്ക്കു ശേഷം  ഇരുവരെയും വിട്ടയച്ചു.
പിന്നീട് മറ്റൊരു വാഹനത്തില്‍ കണ്ണൂരിലേക്കു പോയി. കാറിലെ യാത്രക്കാര്‍ക്കും പരിക്കേറ്റു.
Next Story

RELATED STORIES

Share it