മാണിയും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തി

ആബിദ്
കോഴിക്കോട്: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയും മുസ്‌ലിംലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കോവൂരിനടുത്ത മാണിയുടെ മകളുടെ വീട്ടിലും മുസ്‌ലിംലീഗ് ആസ്ഥാനമായ ലീഗ് ഹൗസിലും വച്ചായിരുന്നു കൂടിക്കാഴ്ച. മാണിയെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനായി ഐക്യമുന്നണി മുസ്‌ലിംലീഗിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതിനെതിരേ സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ രൂക്ഷമായ ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. അഴിമതിയുടെ കൂടില്‍ നിന്നാരെയും മുന്നണിക്ക് വേണ്ടെന്നായിരുന്ന കാനത്തിന്റെ പ്രഖ്യാപനം. തുടര്‍ന്ന് സംസാരിച്ച മാണി രാഷ്ട്രീയ കാര്യങ്ങ—ളൊന്നും സ്പര്‍ശിച്ചിരുന്നുമില്ല. കാനത്തിന് അപകര്‍ഷതാബോധമാണെന്നുള്‍പ്പെടെയുള്ള രൂക്ഷമായ പ്രതികരണങ്ങള്‍ ഇന്നലെ മാണി സിപിഐക്കെതിരേ നടത്തിയിരുന്നു. അതിനു ശേഷമാണ് അദ്ദേഹം ലീഗ് ഹൗസിലെത്തിയത്.
മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കെ പി എ മജീദ്, ഡോ. എം കെ മുനീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു.
നേതൃതലത്തില്‍ ചര്‍ച്ചനടത്തിയ ശേഷമേ കേരള കോണ്‍ഗ്രസ് രാഷ്ട്രീയ തീരുമാനമെടുക്കൂവെന്നായിരുന്നു മാണിയുടെ പ്രതികരണം. എന്നാല്‍, മാണി യുഡിഎഫിന്റെ ഭാഗമായിരിക്കണമെന്നാണ് ലീഗിന്റെ ആഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരുടെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തില്‍ ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it