മാണിക്കു പിന്നാലെ ബാബുവും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മഴ നിന്നാലും മരം പെയ്യുമെന്നാണ് പഴമൊഴി. ഇവിടെ ഇപ്പോള്‍ മറിച്ചാണ്. അഴിമതിയാരോപണത്തിന്റെയും നിയമനടപടിയുടെയും കാറ്റില്‍ വന്‍മരം വീണിട്ടും അഴിമതിപ്പെരുമഴ കൂടുതല്‍ ശക്തമായി തുടരുകയാണ്. ധനമന്ത്രി കെ എം മാണി രാജിവച്ചിട്ടും പുതിയ ആരോപണങ്ങളുടെ കാറ്റില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മന്ത്രിപദം ആടിയുലഞ്ഞുതുടങ്ങി. മന്ത്രി ബാബു മലര്‍ന്നടിച്ചുവീഴുമെങ്കില്‍ അത് മാണിയുടെ വീഴ്ച പോലെയാവില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ തന്നെ കാലാവധി തീരുംമുമ്പേ വീഴ്ത്തുന്നതിലേക്കാവും അത് എത്തിക്കുക.
കോടതിവിധിയോ കോടതി ഇടപെട്ടുള്ള പരാമര്‍ശമോ ഏതു നിമിഷവും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ വീഴ്ത്താനും യുഡിഎഫ് തകരുന്നതിലേക്കു നയിക്കാനും ഇടയുണ്ട്. സുതാര്യതയും കരുതലും മുഖമുദ്രയായി പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ അണിയറ രഹസ്യങ്ങള്‍ സോളാര്‍ സംഭവത്തെത്തുടര്‍ന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും അശ്ലീല-ആഭാസ ഇടപാടുകളുടെയും കൂത്തരങ്ങായി അധഃപതിച്ചതോടെ അതിന്റെ താക്കോല്‍ദ്വാര കാഴ്ചകളായിരുന്നു.
ഇതിനിടെയാണ് ധനമന്ത്രി കെ എം മാണി ഔദ്യോഗിക വസതിയില്‍ വച്ച് സംസ്ഥാനത്തെ മദ്യവില്‍പനയുടെ മൊത്തക്കച്ചവടക്കാരുടെ സംഘടനയില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണമുയര്‍ന്നത്. അന്വേഷണങ്ങള്‍ നൂറ്റൊന്ന് ആവര്‍ത്തിക്കട്ടെ എന്ന് അഹങ്കരിച്ച് പാമൊലിന്‍ കേസിലെ ഉമ്മന്‍ചാണ്ടി മാതൃക സ്വീകരിച്ച് അധികാരസ്ഥാനത്ത് ഉറച്ചിരിക്കുകയാണ് മന്ത്രി മാണി ചെയ്തത്. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നു നിയമമന്ത്രി കൂടിയായ മാണിക്കെതിരേ ഹൈക്കോടതി പരാമര്‍ശം നടത്തി അദ്ദേഹത്തിന്റെ മനസ്സാക്ഷിയെത്തന്നെ ചോദ്യം ചെയ്തു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും സ്വന്തം പാര്‍ട്ടിയിലെ പി ജെ ജോസഫ് വിഭാഗവും മാണി രാജിവയ്ക്കണമെന്ന് ഉറച്ചുനിന്നപ്പോള്‍ മാത്രമാണ് മന്ത്രി മാണി രാജിവച്ചത്.
നിയമവാഴ്ചയും പൊതുരംഗത്തെ ധാര്‍മികതയും അനുസരിച്ചാണെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെത്തന്നെ രാജി എപ്പോഴോ നടക്കേണ്ടതായിരുന്നു. ആ നിലയ്ക്കുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ ഈ ഭരണത്തില്‍ ക്ഷോഭിച്ച കടല്‍ പോലെ ഉരുത്തിരിഞ്ഞ് നിരവധി പ്രതിസന്ധികള്‍ സൃഷ്ടിച്ചതാണ്. നിരപരാധികളായതുകൊണ്ടല്ല മുഖ്യമന്ത്രിയും കൂട്ടരും രക്ഷപ്പെട്ട് നാലര വര്‍ഷത്തിലേറെ തികച്ചത്. അഴിമതിയും സ്വജനപക്ഷപാതവും തുടരാന്‍ ഭരണഘടനാ സ്ഥാപനങ്ങളെ പോലും ദുരുപയോഗപ്പെടുത്താന്‍ കഴിവുള്ള ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായതുകൊണ്ടു മാത്രമാണ് ഇത് സാധ്യമായത്.
നിയമം നിയമത്തിന്റെ വഴിക്കെന്ന് നാമം ജപിക്കുമ്പോള്‍ തന്നെ നീതിയുടെ ഭ്രൂണഹത്യ നടത്താന്‍ അന്വേഷണ സംവിധാനങ്ങളെയും പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുക, ജനാധിപത്യ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് നീതിനിര്‍വഹണത്തിന്റെ കഴുത്തു ഞെരിക്കുക എന്നിവയാണ് ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് അണിയറയ്ക്കു പിന്നില്‍ ചെയ്തത്.
കേരള ഗവണ്‍മെന്റിന്റെ ഇതുവരെയുള്ള ചരിത്രം എടുത്താല്‍ പ്രഥമദൃഷ്ട്യാ ആരോപണമുയര്‍ന്നാല്‍ തന്നെ ബന്ധപ്പെട്ട മന്ത്രിമാരുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ട ചരിത്രമാണുള്ളത്. കോഴ വാങ്ങിയതിനു മാണിയുടെ പേരില്‍ കേസെടുത്തിട്ടും മന്ത്രിപദവിയിലിരുത്തി വിജിലന്‍സ് ചോദ്യം ചെയ്തിട്ടും കുറ്റവിമുക്തനാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ വിജിലന്‍സ് കോടതി തള്ളിയിട്ടും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടില്ല. കെപിസിസിയും കേരളാ കോണ്‍ഗ്രസ്-എമ്മിലെ മാണിവിഭാഗം ഒഴിച്ചുള്ള ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മാണിക്കൊപ്പം നില്‍ക്കുന്നു. മറ്റ് വഴിയില്ലാതെ മാണി രാജിവച്ചിട്ടും മാണിക്കൊപ്പമാണ് മുഖ്യമന്ത്രി.
അഴിമതിക്കേസില്‍ രാജിവച്ച മാണിക്ക് മാസ്‌കോട്ട് ഹോട്ടലില്‍ സെക്രട്ടേറിയറ്റിലെ ഐഎഎസ് ഉദ്യോഗസ്ഥരെക്കൊണ്ട് വന്‍ യാത്രയയപ്പ് നല്‍കിച്ചു. പാലായ്ക്കു മടങ്ങുന്ന വഴിയിലെ സ്വീകരണയോഗങ്ങളിലേക്ക് തന്റെ പാര്‍ട്ടിയിലെ വിശ്വസ്തരെ പ്രത്യേകം നിയോഗിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി തനിക്കെതിരായ പരാമര്‍ശം നീക്കുന്നതിനു മാണിക്ക് നിഗൂഢമായ പിന്തുണയും സഹായവും മുഖ്യമന്ത്രി നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുതന്നെ അഗ്നിശുദ്ധി നേടി മാണിയെ ധന-നിയമവകുപ്പുകളിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം.
എന്നാല്‍, ധനമന്ത്രി മാണിയും ചില ബാര്‍ ഉടമകളും മാത്രം ബന്ധപ്പെട്ട ഒരു അഴിമതിക്കേസല്ല ബാര്‍ കോഴ അഴിമതി. ബാര്‍ ഉടമകള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിനു വേണ്ടി ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നല്‍കിയ കോഴയുടെ ഒരു വിഹിതം മാത്രമാണ് മാണി കൈപ്പറ്റിയതായി പറയുന്നത്. മന്ത്രി കെ ബാബുവിനെതിരായി നേരത്തേ വന്നതും ഇപ്പോള്‍ പുറത്തുവരുന്നതുമായ വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നത്, 14 ജില്ലകളില്‍ നിന്നും ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പിരിവു നടത്തിയിട്ടുണ്ടെന്നാണ്.
2ജി സ്‌പെക്ട്രത്തിന്റെയും കല്‍ക്കരി ഇടപാട് കുംഭകോണത്തിന്റെയും മാതൃകയിലുള്ള ഒന്നാണ് യഥാര്‍ഥത്തില്‍ കേരളത്തില്‍ നടന്നത്. ബാര്‍ അസോസിയേഷന്‍ നേതാക്കളിലൊരാളായ ബിജു രമേശ് ഈ തെളിവുകളുമായി രംഗത്തുവന്നിരുന്നില്ലെങ്കില്‍ ഇപ്പോഴും മഞ്ഞുമലയുടെ തുമ്പായി മാത്രം പുറത്തുകാണുന്ന ഈ വന്‍ കുംഭകോണം മന്ത്രിതലത്തില്‍ ഒതുങ്ങിപ്പോകുമായിരുന്നു. അതുകൊണ്ടാണ് തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും തന്റെ രക്തത്തിനു ചിലര്‍ ദാഹിക്കുന്നുവെന്നും മാണി വിലപിക്കുന്നത്.
കേരളാ കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ കൂടിയായ മന്ത്രി പി ജെ ജോസഫും പി സി ജോര്‍ജിനെ പുറന്തള്ളി ചീഫ്‌വിപ്പ് സ്ഥാനം നല്‍കിയ തന്റെ വിശ്വസ്തന്‍ തോമസ് ഉണ്ണിയാടനും തനിക്കൊപ്പം രാജിവയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ്-എം യോഗത്തില്‍ കെ എം മാണി പറയിപ്പിച്ചത് തിരിച്ചടിക്കാന്‍ ഉറച്ചായിരുന്നു, ഒന്നിച്ചു മുങ്ങട്ടെയെന്നു തീരുമാനിച്ച്. മന്ത്രിസഭയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കുക, രാഷ്ട്രീയ സാഹചര്യം മാറുന്നതിനനുസരിച്ച് നിലപാടുകളും രാഷ്ട്രീയബന്ധങ്ങളും മാറ്റുക എന്നതായിരുന്നു മാണിയുടെയും അനുകൂലികളുടെയും നിലപാട്.
ബാര്‍ കോഴ ആരോപണം കൈക്കൂലി നല്‍കിയ ബാര്‍ ഉടമകളല്ല തെളിയിക്കേണ്ടത്. ആരോപണവിധേയരായവരില്‍ ഒരാള്‍ നിയമവകുപ്പിന്റെയും അപരന്‍ എക്‌സൈസ് വകുപ്പിന്റെയും തലപ്പത്തുള്ള മന്ത്രിമാരാണ്. നീതി ഉറപ്പുവരുത്താന്‍ പ്രതികളെ സ്വന്തം ജില്ലയില്‍ നിന്നും സംസ്ഥാനത്തു നിന്നുപോലും മാറ്റിനിര്‍ത്തുന്ന നിയമമുള്ളപ്പോള്‍ പ്രതികളാകേണ്ടവര്‍ മന്ത്രിമാരായി തുടരുകയാണ്. ബാര്‍ ഉടമകള്‍ കൊടുത്ത കോഴ ഒരു പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്ത് എല്ലാ ജില്ലകളിലും അന്വേഷണം നടത്തി സ്വയം തെളിവെടുത്ത് മുന്നോട്ടുപോയിരുന്നെങ്കില്‍ ഈ വലിയ കുംഭകോണം ശരിയായ രീതിയില്‍ പുറത്തുവരുമായിരുന്നു. നീതിയുടെ വഴി തടയുകയും തിരിച്ചുവിടുകയും കേസ് മുക്കുകയും ചെയ്യുന്ന മനസ്സാക്ഷിയില്ലാത്ത ഒരു ഗവണ്‍മെന്റ് സംസ്ഥാനത്ത് തുടരുമ്പോള്‍ സത്യം എങ്ങനെ പുറത്തുവരും?
ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ട പ്രതിപക്ഷത്തിനു പോലും വീഴ്ച പറ്റിയിട്ടുണ്ട്. ആദ്യം മാണിക്കെതിരേ; ഇപ്പോള്‍ മന്ത്രി കെ ബാബുവിനെതിരേ. ഈ കുംഭകോണത്തിന്റെ അടി മാന്തി പുറത്തിടുന്നതിനു വേണ്ടി സമഗ്രവും നിഷ്പക്ഷവുമായ ഒരന്വേഷണം ഉറപ്പുവരുത്തുകയാണ് യഥാര്‍ഥ ആവശ്യം. ബിജെപി കേന്ദ്രമന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ ഇടതുപക്ഷം മടിച്ചില്ല. കേരളത്തിന്റെ കാര്യം വരുമ്പോഴാണ് ആരോപണവിധേയരായ മന്ത്രിമാര്‍ക്കു കീഴിലുള്ള അന്വേഷണ സംവിധാനങ്ങളെ ചുറ്റിപ്പറ്റി പ്രതിപക്ഷം ദിഗ്ഭ്രമം കാണിക്കുന്നത്. ആ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രിയും ഗവണ്‍മെന്റും തയ്യാറാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു എന്നതാണ് അറച്ചറച്ച് മന്ത്രി മാണിയുടെ രാജിയിലേക്കു പോലും കാര്യങ്ങളെത്തിക്കാന്‍ കാരണം.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്നതാണ് ഈ വന്‍ കുംഭകോണത്തിലെ പ്രതികളെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാനുള്ള സാഹചര്യം എന്നു പ്രതിപക്ഷം മനസ്സിലാക്കണം. അഴിമതി സ്ഥാപനവല്‍ക്കരിച്ച ഈ ഗവണ്‍മെന്റിനെയും ധാര്‍മികത നഷ്ടപ്പെട്ട യുഡിഎഫ് രാഷ്ട്രീയക്കൂട്ടങ്ങളെയും തുറന്നുകാട്ടിയാല്‍ മാത്രം പോരാ, നിയമത്തിനു കീഴ്‌പ്പെടുത്തുക തന്നെ വേണം. അതിനു തെളിവ് കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളുടെ ചുമതലയാണ്. അത് ഏല്‍പിക്കേണ്ടത് 'തെളിവെവിടെ' എന്നു ചോദിച്ച് അത് മുക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കല്ല, കോടതിക്കാണ്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)
Next Story

RELATED STORIES

Share it