palakkad local

മാങ്ങാ തോട്ടങ്ങളിലടിക്കുന്ന വിഷദ്രാവകം ഭീഷണിയാവുന്നു

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: മുതലമടയിലെ മാന്തോപ്പുകളില്‍ മാവിന് അടിക്കുന്ന വീര്യം കൂടിയ കീടനാശിനികളുടെ പ്രയോഗം സമീപവാസികളുടെ ജീവന് ഭീഷണിയാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുമാണ് മുതലമടയിലേക്ക് മാവിന്‍തോട്ടത്തില്‍ അടിക്കാനുള്ള കീടനാശികള്‍ കൊണ്ടുവരുന്നത്. ഏക്കറുകള്‍ വിസ്തൃതിയുളള തോട്ടങ്ങളില്‍ യന്ത്രസഹായത്തോടെയാണ് മരുന്നടി പ്രയോഗം നടത്തുന്നത്. ടെമ്പോയില്‍ 2000 ലിറ്റര്‍ മുതല്‍ 3000 ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ വിഷ ദ്രാവകങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് പ്രയോഗിക്കുന്നത്.
കീടനാശികളുടെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കണ്ടൈയ്‌നറുകള്‍ ജലാശയങ്ങളിലും പുഴകളിലുമാണ് ഉപേക്ഷിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കാമ്പ്രത്ത് ചള്ള പുളിയന്തോണി നിലമ്പതി പാലത്തിന് സമീപത്തുള്ള ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ നിന്നു ഒഴുകി വരുന്ന ഗായത്രിപ്പുഴയില്‍ ഇത്തരത്തില്‍ വിഷം കലര്‍ന്നതോടെ വെള്ളത്തിന്റെ നിറം മാറി ദുര്‍ഗന്ധം ഉണ്ടായി. നിരവധിയാളുകള്‍ കുളിക്കാനും കാര്‍ഷിക ആവശ്യത്തിനുമായി ഉപയോഗിക്കുന്ന വെള്ളമാണ് മലിനമായത്. പശു, ആട് വെള്ളം കുടിക്കാനായി ഇറങ്ങുന്ന പുഴയായതിനാല്‍ നാട്ടുകാര്‍ക്കും ആകെ ഭയപ്പാടാണ്. കനത്ത വേനലില്‍ ജലാശയങ്ങളും അരുവികളിലെ വെള്ളവും സംരക്ഷിക്കുന്നതിന് പകരം വിഷദ്രാവകങ്ങള്‍ വെള്ളത്തില്‍ കലര്‍ത്തി മലിനമാക്കുന്ന സമീപനമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ നിരവധി പേരാണ് ഗായത്രിപ്പുഴയെ ആശയിക്കുന്നത്. വിഷദ്രാവകം കലര്‍ന്നതോടെ കുളിക്കാനോ വസ്ത്രങ്ങള്‍ കഴുകാനോ കഴിയാതെ നാട്ടുകാര്‍ വിഷമത്തിലായി. മുതലമട 15ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാകയാല്‍ പഞ്ചായത്ത് അംഗം എം സുരേന്ദ്രന്‍ ആരോഗ്യ വകുപ്പിന് വിവരം അറിയിച്ചു. ഉദ്യോഗസ്ഥരെത്തി വെള്ളം പരിശോധനയ്ക്കായി കൊണ്ടുപോയി. തന്റെ വാര്‍ഡില്‍ ഇരുപതോളം വന്‍കിട മാങ്ങാഷെഡുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും മുതലമട മാന്തോപ്പില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന് അറിയാതെ മിശ്രിതമാക്കി പ്രയോഗിക്കുന്നതായും ആരോപിക്കുന്നു. കള്‍ട്ടാര്‍ പോലുള്ള മാരക വിഷലായിനി മാവിന്റെ വേരുകളിലും പ്രയോഗിക്കുന്നുണ്ട്. മാവിന്‍ തോട്ടം പാട്ടത്തിനെടുത്തവര്‍ മികച്ച വിളവെടുപ്പിനായാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. ഗായത്രിപുഴയില്‍ വിഷദ്രാവകം കലര്‍ന്നതോടെ മീനുകള്‍ ചത്തുപൊന്തിയതായും നാട്ടുകാര്‍ പറഞ്ഞു. അമ്പതോളം വിഷദ്രാവക കുപ്പികളാണ് പുഴയില്‍ കണ്ടത്. വെള്ളം മലിനമാകുകയും ഉപയോഗശൂന്യമാക്കുകയും ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മാവിന്‍തോപ്പിലെ നിരോധിത കീടനാശിനികളുടെ ഉപയോഗം കര്‍ശനമായി തടയണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it