Editorial

മഹാസാഗരങ്ങളുടെ രോദനം



വ്യവസായ വിപ്ലവത്തിനു ശേഷമുള്ള രണ്ടു നൂറ്റാണ്ടില്‍ മനുഷ്യരാശി പ്രകൃതിയുടെമേല്‍ നടത്തിയ കൈയേറ്റങ്ങളുടെ ദുരന്തങ്ങള്‍ ഇന്ന് ആര്‍ക്കും നിഷേധിക്കാനാവാത്തവിധം വ്യക്തമാണ്. കാടുകളും മേടുകളും തകര്‍ന്നതും നദികളും തടാകങ്ങളും മലീമസമായതും സമുദ്രങ്ങളും ബഹിരാകാശവും പോലും മാലിന്യങ്ങളാല്‍ പൂരിതമായതും പുരോഗതിയുടെയും വികസനത്തിന്റെയും പേരില്‍ നടന്ന ഈ കടന്നാക്രമണങ്ങളുടെ ഭാഗമായാണ്. ലോകത്തെ ഏറ്റവും ദരിദ്രവും പിന്നാക്കവുമായ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ദശലക്ഷക്കണക്കിനു ജനങ്ങളാണ് ഇന്ന് അതിന്റെ പിഴയൊടുക്കേണ്ടിവരുന്നത്. മനുഷ്യര്‍ മാത്രമല്ല പിഴയൊടുക്കേണ്ടിവരുന്നത്. മറ്റു ജീവജാലങ്ങളും ഇന്നു കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ മിക്കഭാഗങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന മഹാസാഗരങ്ങള്‍ ഈ ദുരന്തത്തിന്റെ പ്രത്യക്ഷ ലക്ഷ്യങ്ങളാണ്. സമുദ്രങ്ങള്‍ അഗാധവും വിശാലവുമാണ്. അതിനാല്‍ അവ നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ ആഴം ലോകം വേണ്ടവിധം മനസ്സിലാക്കുന്നുമില്ല. സമുദ്രത്തിലെ മല്‍സ്യസമ്പത്താണ് തീരദേശങ്ങളിലെ ജനതയുടെ ജീവിതായോധനത്തിന് ഇത്രയും കാലം ആധാരമായി നിന്നത്. ഇന്ന് അത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമീപകാല ഗവേഷണങ്ങള്‍ പറയുന്നത് ലോകത്തെ മല്‍സ്യസമ്പത്തിന്റെ 90 ശതമാനവും അമിതമായ ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നാണ്. അതിന്റെ ഫലം ഭയാനകമാണ്. മല്‍സ്യത്തിന്റെ പ്രജനനം അസാധ്യമാവുന്നതോടെ തീരക്കടലില്‍ മാത്രമല്ല, ആഴക്കടലിലും മല്‍സ്യസമ്പത്ത് വന്‍തോതില്‍ കുറഞ്ഞുവരുകയാണ്. ആധുനിക മല്‍സ്യബന്ധന സംവിധാനങ്ങള്‍ കടലിനെ അരിച്ചുപെറുക്കാന്‍ ശേഷിയുള്ളതായതിനാല്‍ നാളേക്ക് ഒരുതരിപോലും ബാക്കിവയ്ക്കാതെ മല്‍സ്യക്കുഞ്ഞുങ്ങളെപോലും അവര്‍ ഊറ്റിയെടുക്കുന്നു. വിവിധ സമുദ്രങ്ങളിലെയും തീരങ്ങളിലെയും മല്‍സ്യസമ്പത്തിന്റെ തകര്‍ച്ച വിവരണാതീതമാണ്. അമിതമായ മല്‍സ്യബന്ധനം തടയാന്‍ നിയമങ്ങളുണ്ടെങ്കിലും അവ ഫലപ്രദമല്ല. കാരണം, ശക്തരായ രാജ്യങ്ങള്‍ തന്നെയാണ് നിയമലംഘനം നടത്തുന്നത്. അവരെ തടയാന്‍ ദുര്‍ബലരായ തീരദേശരാജ്യങ്ങളില്‍ പലര്‍ക്കും സാധിക്കുന്നുമില്ല. ആഗോളരംഗത്ത് ഇന്ന് ചൈനയാണ് ഇത്തരമൊരു കടന്നാക്രമണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതു സത്യമാണ്. ചൈനയുടെ അത്യാധുനിക മല്‍സ്യബന്ധന കപ്പലുകള്‍ ദക്ഷിണാഫ്രിക്കയിലും വിദൂരമായ ലാറ്റിനമേരിക്കന്‍ തീരങ്ങളില്‍ പോലും എത്തി മല്‍സ്യങ്ങളെ ഊറ്റിയെടുക്കുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയ്ക്ക് മല്‍സ്യവിഭവങ്ങള്‍ ഒഴിവാക്കാനാവില്ല. കാരണം, അത് അവരുടെ പരമ്പരാഗത ജീവിതരീതിയുടെ ഭാഗമാണ്.ഇപ്പോള്‍ ദക്ഷിണ ചൈനാക്കടലിലും മറ്റു പ്രദേശങ്ങളിലും ഇതിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവരുകയാണ്. ഇന്തോനീസ്യയും വിയറ്റ്‌നാമും ദക്ഷിണ കൊറിയയും ചൈനീസ് കപ്പലുകള്‍ തങ്ങളുടെ തീരങ്ങള്‍ കൈയേറുന്നതിനെതിരേ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ നയതന്ത്ര പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. സാഗരങ്ങളുടെ മേലുള്ള കൊള്ള ഇന്നത്തെ ലോകത്ത് പുതിയൊരു സംഘര്‍ഷമേഖലകൂടി തുറക്കുന്നതായാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
Next Story

RELATED STORIES

Share it