Flash News

മഹാരാജാസ് കോളജിലെ ആയുധശേഖരം : മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്



തിരുവനന്തപുരം: മഹാരാജാസ് കോളജിലെ സ്റ്റാഫ് ഹോസ്റ്റലില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് പി ടി തോമസും ഹൈബി ഈഡനുമാണ് നോട്ടീസ് നല്‍കിയത്. ഈ മാസം 5ന് പ്രതിപക്ഷം ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ ചില നിര്‍മാണസാമഗ്രികള്‍ മാത്രമാണ് അവിടെനിന്ന് കണ്ടെത്തിയതെന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് എഫ്‌ഐആറിനു കടകവിരുദ്ധമാണെന്നാണ് ആരോപണം. എഫ്‌ഐആറിലും സെര്‍ച്ച് ലിസ്റ്റിലുമുള്ള കാര്യങ്ങളൊന്നും മുഖ്യമന്ത്രി പറഞ്ഞില്ല. അന്വേഷണം വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് നിയമസഭയ്ക്കും അംഗങ്ങള്‍ക്കും മേലുള്ള അവകാശലംഘനമാണെന്നും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രി സഭയില്‍ ഇല്ലാതിരുന്നതിനാല്‍ വിഷയം പരിശോധിച്ചശേഷം നടപടിയെടുക്കാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം, പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് എം സ്വരാജ് ക്രമപ്രശ്‌നം ഉന്നയിച്ചു. മഹാരാജാസില്‍ നിന്ന് വടിവാളും ബോംബും കണ്ടെത്തിയെന്ന അടിയന്തരപ്രമേയ നോട്ടീസിലെ ആരോപണം പച്ചക്കള്ളമാണെന്ന് സ്വരാജ് പറഞ്ഞു.
Next Story

RELATED STORIES

Share it