Idukki local

മഴവെള്ള സംഭരണി; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തൊടുപുഴയില്‍

തൊടുപുഴ: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മഴവെള്ളസംഭരണികള്‍ നിര്‍മിക്കുന്ന പദ്ധതിക്ക് ഇന്നു തൊടുപുഴയില്‍ തുടക്കമിടും. ഒന്നാംഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ 840 ഗവ. സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം നല്‍കിക്കഴിഞ്ഞെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് തൊടുപുഴ ഗവ.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി പി ജെ ജോസഫ് അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തിനു മുമ്പായി 840 ഗവ. സ്‌കൂളുകളിലും മഴവെള്ളസംഭരണിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.ഈ വര്‍ഷത്തെ ബജറ്റില്‍ സ്‌കൂളുകളില്‍ മഴവെള്ള സംഭരണി നിര്‍മിക്കുന്നതിന് പത്തു കോടി വകയിരുത്തി.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളെയും ജലസൗഹൃദ വിദ്യാലയങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. വിദ്യാലയങ്ങളില്‍ കൂടുതല്‍ ശുദ്ധജലം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കിണര്‍ റീചാര്‍ജുകളോടു കൂടിയ മഴവെളളസംഭരണികള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും നിര്‍മ്മിച്ച് നല്‍കുകയാണ്.സംസ്ഥാനത്തെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്നത് തുറന്ന കിണറുകളെയാണ്.
വിവിധങ്ങളായ കാരണങ്ങളാല്‍ കിണര്‍വെള്ളം മലിനപ്പെടുകയാണ്. ഇത്തരം കിണറുകളിലെ ജലഗുണനിലവാരം പരിശോധിക്കപ്പെടുന്നതിന് നിലവിലുളള ലാബുകളുടെ കുറവും ഉയര്‍ന്ന ഫീസും പരിഗണിച്ചുകൊണ്ട് ബദല്‍ സംവിധാനം വരും.പ്രാദേശികമായി കുടിവെളള സ്രോതസ്സുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സൗജന്യമായി ജലഗുണനിലവാര പരിശോധന കിറ്റും ആവശ്യമായ പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. മഴവെള്ള സംഭരണികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജലവിഭവ വകുപ്പിനു കീഴിലെ മഴകേന്ദ്രവും ജലഗുണനിലവാര പരിശോധന സി.സി.ഡി.യു.മാണ് നടപ്പിലാക്കുന്നത് .
Next Story

RELATED STORIES

Share it