thiruvananthapuram local

മഴയ്ക്ക് നേരിയ ശമനം; തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം:  ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതം തുടരുന്നു. ഇന്നലെ മഴയുടെ ശക്തി കുറഞ്ഞത് കടലില്‍ അകപ്പെട്ടവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തിന് ഊര്‍ജ്ജമേകി. ജില്ലയില്‍ ഇതുവരെ എട്ടു പേരെയാണ് ഓഖി കവര്‍ന്നെടുത്തത്. കരയിലെത്തിച്ച അഞ്ച് മൃതദേഹങ്ങളില്‍ തൂത്തുക്കുടി സ്വദേശി ജൂഡിന്റെ മൃതദേഹം ഒഴികെ മറ്റാരേയും തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിലൊട്ടാകെ 14 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടെ 229 കുടുംബങ്ങളില്‍ നിന്നായി 1840 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ആറെണ്ണം തിരുവനന്തപുരം താലൂക്കിലും രണ്ടെണ്ണം നെയ്യാറ്റിന്‍കര താലൂക്കിലും, ചിറയിന്‍കീഴില്‍ മൂന്നും കാട്ടാക്കട താലൂക്കില്‍ രണ്ടും വര്‍ക്കലയില്‍ ഒന്നുമാണ്. 1596 പേരെയാണ് ഈ ക്യാംപുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 55 വീടുകള്‍ പൂര്‍ണ്ണമായും 524 വീടുകള്‍ ഭാഗികമായും ജില്ലയില്‍ തകര്‍ന്നു എന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക കണക്ക്.
അതേസമയം, ഉള്‍ക്കടലില്‍പ്പെട്ടവരെ കരയിലെത്തിക്കാനുള്ള നടപടികള്‍ ഫലപ്രദമല്ലെന്നാരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കടലില്‍ പോകരുതെന്ന തീരദേശ പോലിസിന്റെ വിലക്ക് ലംഘിച്ചാണ് സ്വന്തം സുരക്ഷ അവഗണിച്ചും മല്‍സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിന് ഇറങ്ങിയത്. വിഴിഞ്ഞം തീരത്ത് നിന്നുമുള്ള 20 പേരാണ് കടലിലേക്ക് പോയത്. കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.
വിഴിഞ്ഞം സിന്ധുമാതാ പള്ളി വികാരിയുടെ നേതൃത്വത്തില്‍ അഞ്ച് ബോട്ടുകള്‍ വാടകയ്ക്ക് എടുത്താണ് രക്ഷാപ്രവര്‍ത്തനത്തിനായി കടലില്‍ ഇറങ്ങിയത്. അതിനിടെ, തീരദേശത്ത് പ്രബലമായ ലത്തീന്‍ സഭയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം, തിരിച്ചിലിന് മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്ന് കളക്ടര്‍ കെ വാസുകി അറിയിച്ചു. ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പോലിസിനു കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ അപ്പുറം പോകരുതെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരത്തുനിന്ന് പോയ നൂറോളം മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്നാണ് ജില്ലാ കലക്ടര്‍ വാസുകി അറിയിച്ചത്. വിഴിഞ്ഞം, പെരുമാതുറ എന്നിവിടങ്ങളില്‍ നിന്ന് നൂറിലധികം ആളുകളെയാണ് കാണാതായത്. ഇപ്പോഴും നിരവധിപേര്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യവും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ദുരന്തനിവാരണസേനയും തിരച്ചിലില്‍ പങ്കു ചേരുന്നുണ്ട്.
Next Story

RELATED STORIES

Share it