palakkad local

മഴപെയ്തു നിറഞ്ഞ പാടങ്ങളില്‍ വിരുന്നുകാരായി കുട്ടനാടന്‍ താറാവ് കൂട്ടങ്ങളെത്തി



സി  കെ   ശശി   പച്ചാട്ടിരി

ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ മഴ ശക്തമായതോടെ  മഴപെയ്ത നിറഞ്ഞ പാടങ്ങളില്‍ വിരുന്നുകാരായി താറാവു കൂട്ടങ്ങളെത്തി. കുട്ടനാട്ടില്‍ നിന്നാണ് ഇവരുടെ വരവ്. പാലക്കാട് ജില്ലയിലെ ആനക്കരയിലാണ് ആയിരകണക്കിന് താറാവുകളുമായി വിവിധ സംഘങ്ങള്‍ ക്യാംപ് ചെയതിട്ടുള്ളത്. ഇത്തവണ ചെറിയ കുഞ്ഞുങ്ങളാണ് കൂട്ടത്തില്‍ ഏറെയും. കുഞ്ഞുങ്ങള്‍ക്കു പുറമെ മുട്ടയിടുന്ന താറാവുകളും കൂട്ടത്തിലുണ്ട്. ഇത്തവണ തുടക്കത്തില്‍ തന്നെ മുട്ടയ്ക്ക് നല്ല വിലയുള്ളതിനാല്‍ താറാവ് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. ഏഴ് രൂപയോളമാണ് പൊതുമാര്‍ക്കറ്റിലെ താറാവു മുട്ടയുടെ വില. കോഴിമുട്ടയുടെ വില അഞ്ച് രൂപയാണ്. എല്ലാ വര്‍ഷവും മെയ് അവസാനത്തോടെ പാടങ്ങളില്‍ വെള്ളം നിറയുമായിരുന്നു. എന്നാല്‍ ഇത്തവണ നല്ല മഴ ലഭിച്ചത് ജൂ ണ്‍ അവസാനത്തിലാണ്. ആലപ്പുഴ മേഖലയിലുള്ള തൊഴിലാളികളാണ് താറാവുകളെ നോക്കാന്‍ ഉണ്ടാകാറുളളത്. എന്നാല്‍ ഈ മേഖലയിലും  തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പല താറാവ് കര്‍ഷകരും തമിഴ് തൊഴിലാളികളെയും ആശ്രയിക്കുന്നുണ്ട്.  മുന്‍കാലങ്ങളില്‍ പന വെട്ടി അതിന്റെ പൊടി കൊത്തയെടുത്താണ് തീറ്റയായി നല്‍കിയിരുന്നത്. പന ലഭ്യമല്ലാത്തതിനാല്‍ ഇപ്പോള്‍  ഗോതമ്പും അരിയും മറ്റും ഭക്ഷ്യ ധാന്യങ്ങളുമാണ് ഇവയ്ക്ക് തീറ്റയായി നല്‍കുന്നത്.  തൊഴിലാളി ക്ഷാമവും കൂലി വര്‍ധനവും താറാവു കൃഷി മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായും ഇവര്‍ പറയുന്നുണ്ട്. ഇപ്പോള്‍ താറാവ് കര്‍ഷകര്‍ ഏറെ ഭയപ്പെടുന്നത് തെരുവു നായ്ക്കളെയാണ്. ഇവയുടെ ആക്രമണം പലപ്പോഴും ഇവര്‍ക്ക് ദുരിതമാകുന്നുണ്ട്. അനുകൂലമായ കാലാവസ്ഥയും  മുട്ടയ്ക്ക് നല്ല വില കിട്ടുകയും താറാവുകള്‍ക്ക് അസുഖം ബാധിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമെ കൃഷി ലാഭത്തിലെത്തുകയുള്ളൂവെന്ന് ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it