kozhikode local

മഴക്കാല മുന്നൊരുക്കം പാളി; നഗരവീഥികളില്‍ വെള്ളക്കെട്ട്

കോഴിക്കോട്: ഭരണകൂടങ്ങളുടെ മഴക്കാല മുന്നൊരുക്കം ഇക്കുറിയും പാളി. കനത്തമഴയില്‍ റോഡുകളിലെ സ്ഥിരം വെള്ളക്കെട്ടിന് യാതൊരു മാറ്റവുമുണ്ടായില്ല. ജില്ലയില്‍ 40ഓളം വീടുകള്‍ തകര്‍ന്നു.ശാസ്ത്രീയമായി ഓട നിര്‍മാണം പൂര്‍ത്തിയാക്കിയെന്ന് പറയുന്ന സ്റ്റേഡിയം ജങ്ഷനിലെ വെള്ളക്കെട്ടിന് ശമനമുണ്ടായില്ല. ഇപ്പോള്‍ റോഡിലെ വെള്ളക്കെട്ട് ഇടയ്ക്കിടെ ഒഴിവാക്കാന്‍ ജങ്ഷനിലെ വ്യാപാരികള്‍ റോഡിലിറങ്ങി ഓടകള്‍ നന്നാക്കേണ്ട ഗതികേടിലുമായി.
മാവൂര്‍ റോഡ് രാജാജി റോഡുമായി സന്ധിക്കുന്ന മൊഫ്യൂസല്‍ ബസ്സ്റ്റാന്റിന് സമീപത്തെ കവലയിലെ വെള്ളക്കെട്ടും പതിവുപോലെ നിറഞ്ഞുകവിയുന്നു. റെയില്‍വേ സ്റ്റേഷന് മുന്‍വശത്തെ വര്‍ഷങ്ങളായി തുടരുന്ന അഴുക്കുചാല്‍ പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. കോഴിക്കോട് നഗരത്തിലേക്ക് തീവണ്ടിയില്‍ വന്നിറങ്ങുന്നവരുടെ ആദ്യ കാല്‍വയ്പ്പ് തന്നെ കെട്ടുനാറുന്ന ചെളി വെള്ളത്തിലാണ്. കോറണേഷന്‍ തിയേറ്ററിന് മുന്‍വശത്തു നിന്നും മുതലക്കുളത്തേക്ക് നീളുന്ന മാക്കോലത്ത് റോഡ് ഇക്കുറി നഗരസഭ ടാറിട്ട് നന്നാക്കിയിരുന്നെങ്കിലും വേണ്ടരീതിയില്‍ ഓവുചാല്‍ നിര്‍മിക്കാത്തതിനാല്‍ അവിടെയും വെള്ളക്കെട്ടിന്റെ ദുരിതം യാത്രക്കാര്‍ക്കും അയല്‍വീട്ടുകാര്‍ക്കുമുണ്ട്. ഇടവഴിയില്‍ പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നതോടെ ഇവയുടെ പിറകിലെ പഴക്കമേറിയ തറവാട് വീടുകള്‍ വെള്ളത്തിലായി.
ഇപ്പോള്‍ വീട്ടുകാര്‍ ഒഴിഞ്ഞുപോയി. പൂട്ടിക്കിടക്കുന്ന വീടുകള്‍ മദ്യപന്‍മാരും സാമൂഹികവിരുദ്ധരും കൈയ്യടക്കി. ഇവിടെ ഉണ്ടായിരുന്ന വലിയ കനാലും ഓവുചാലും വര്‍ഷങ്ങളായി ശുചീകരിക്കാത്തതിനാല്‍ ഇവ രണ്ടും ഒഴുക്ക് നഷ്ടപ്പെട്ട അവസ്ഥയിലായതാണ് തറവാട്ട് മുറ്റം വെള്ളക്കെട്ട് ഭീഷണിയിലായത്.
മഴക്കാലം വരുന്നതിന് മുമ്പ് തന്നെ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വാര്‍ഡുകളിലെ കാനശുചീകരണത്തിന് ഫണ്ട് നല്‍കിയതാണ്.എന്നാല്‍ ശുചീകരണ തൊഴിലാളികളുടെ വേണ്ട രീതിയിലുള്ള പ്രവര്‍ത്തനം നടന്നില്ല. മാങ്കാവ് തളിക്കുളങ്ങര റോഡില്‍ നിന്നും കൂളിത്തറ ഭാഗത്തേക്കുള്ള ഇടറോഡില്‍ അഴുക്കുചാലില്‍ നിന്നുള്ള വെള്ളം പരന്നൊഴുകി കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും യാത്ര ഏറെ ദുഷ്‌കരമായി. നഗരത്തിലെ പഴക്കമേറിയ ഖലിയ കാനകളിലെ മണ്ണ് നീക്കം ചെ്തുള്ള പ്രവൃത്തിയാണ് വേണ്ടത്. അതുണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ മഴക്കാലം എന്നും ദുരിതകാലമാണ് നഗരവാസികള്‍ക്ക്.
Next Story

RELATED STORIES

Share it