malappuram local

മല്‍സ്യബന്ധനത്തിനിടയില്‍ കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

താനൂര്‍: മല്‍സ്യബന്ധനത്തിനിടയില്‍ അപകടത്തില്‍പെട്ട നാലു മല്‍സ്യത്തൊഴിലാളികളെ താനൂര്‍ സ്വദേശികള്‍ കടലില്‍ നിന്നും രക്ഷപ്പെടുത്തി. തമിഴ്‌നാട് നാഗപട്ടണം ഗണേശന്റെ മകന്‍ കുമാര്‍ (45), തൂത്തുകുടി മാണിക്യത്തിന്റെ മകന്‍ കുമാര്‍ (29), കല്‍ക്കട്ട പിയൂര്‍ലാലിന്റെ മകന്‍ ലക്ഷ്മന്‍ (26), കോഴിക്കോട് വെള്ളയില്‍ അബ്ദുല്ലയുടെ മകന്‍ ഇസ്മയില്‍ (29) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇവരെ താനൂര്‍ മൂലക്കല്‍ ദയാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്തോടെ ബേപ്പൂരില്‍ നിന്നു മല്‍സ്യബന്ധത്തിനു പുറപ്പെട്ട് പരപ്പനങ്ങാടി ഭാഗത്തുവച്ച് ശക്തമായ തിരമാലയില്‍പെട്ട് തോണിക്ക് തകരാര്‍ സംഭവിച്ചിരുന്നു. അവിടെ നിന്നു കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് തോണിക്കുള്ളില്‍ വെള്ളം കയറി തുടങ്ങിയത് തൊഴിലാളികള്‍ അറിഞ്ഞത്. ഇതോടെ തോണിയില്‍ കയറികൊണ്ടിരുന്ന വെള്ളം തൊഴിലാളികള്‍ പുറത്തേക്ക് കോരി ഒഴിവാക്കികൊണ്ടിരുന്നെങ്കിലും മുങ്ങിപ്പോവുകയായിരുന്നു. ഇവര്‍ കരയെ ലക്ഷ്യംവച്ച് നീന്തുന്നതിനിടയില്‍ കോഴിക്കോട് നിന്നു താനൂരിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫോണ്‍ കോള്‍ എത്തിയിരുന്നു. ഉടന്‍ തന്നെ സ്വന്തം ഫൈബര്‍ തോണിയുമായി കുന്നുമ്മല്‍ ഹസ്സന്‍, ട്രോമകെയര്‍ പ്രവര്‍ത്തകനായ പി പി സലാമും കൂടി അപകടത്തില്‍പെട്ട മല്‍സ്യത്തൊഴിലാളികളെ കടലില്‍ നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. കടലില്‍ നീന്തി അവശരായ നാല് മല്‍സ്യത്തൊഴിലാളികളേയും സാഹസികമായി രക്ഷപ്പെടുത്തിയ മല്‍സ്യത്തൊഴിലാളികളെ നാട്ടുകാരും അഭിനന്ദിച്ചു. ഇവര്‍ ഉപയോഗിച്ചിരുന്ന തോണിയും മല്‍സ്യബന്ധന സാമഗ്രികളും പിന്നീട് കരയ്ക്കടിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it