kozhikode local

മല്‍സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെട്ടു

ബേപ്പൂര്‍: മല്‍സ്യബന്ധനത്തിനിടെ തോണി കടലില്‍ കുടുങ്ങി. തോണിയിലെ 6 മല്‍സ്യത്തൊഴിലാളികളും രക്ഷപ്പെട്ടു. എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് പ്രക്ഷുബ്ധമായ കടലില്‍ തോണി അകപ്പെട്ടത്. തോണിയിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികള്‍ അപകടനില തരണം ചെയ്തു സാഹസികമായി രക്ഷപ്പെടുകയായിരുന്നു .
മൂന്നുപേര്‍ കരയിലേക്ക് നീന്തി രക്ഷപ്പെടുകയും മറ്റു മൂന്നു പേരെ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ് വിഭാഗം പോലിസ് രക്ഷപ്പെടുത്തി ഹാര്‍ബറില്‍ എത്തിക്കുകയുമായിരുന്നു.
ഇന്നലെ വൈകിട്ട് 4.30 നാണ് ‘സെന്റ് മാത്യൂസ്’ എന്ന തോണി കടലുണ്ടി ഭാഗത്ത് 5 നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിന്‍ തകരാറിലായി അപകടത്തില്‍പെട്ടത്. തോണിയിലെ 6 തൊഴിലാളികളും അപകടത്തിലാണെന്ന വിവരം ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് ഉടന്‍ തന്നെ ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു.
ശക്തമായ തിരമാല ഉണ്ടായതിനാല്‍ മൂന്നുപേര്‍ തോണിയില്‍ നിന്നും തെറിച്ച് കടലില്‍ വീഴുകയും അവര്‍ മൂന്നുപേരും കടലുണ്ടി ഭാഗത്തെ കടുക്ക ബസാര്‍ തീരത്ത് നീന്തി രക്ഷപ്പെടുകയുമായിരുന്നു. മറ്റു 3 പേരെ മറൈന്‍ പോലിസ് രക്ഷപ്പെടുത്തി ബേപ്പൂര്‍ ഹാര്‍ബറില്‍ 7.30ഓടെ എത്തിച്ചു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ തോണികെട്ടി വലിച്ചു കൊണ്ടു വരുന്നതിന് മറൈന്‍ പോലിസ് വിഭാഗത്തിനു സാധിക്കാതെ വന്നു. തോണിയെ ഇപ്പോഴും കടലില്‍ നങ്കൂരമിട്ട് നിര്‍ത്തിയിട്ടിരിക്കുകയാണ്.
തോണിയുടെ സുരക്ഷയെപ്പറ്റി തൊഴിലാളികള്‍ ആശങ്കയിലാണ്.മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തിയ 3 മല്‍സ്യത്തൊഴിലാളികള്‍ക്കും പരിക്കുകളൊന്നും ഇല്ലാത്തതിനാല്‍ വൈദ്യസഹായം വേണ്ടി വന്നില്ല. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി തദയൂസ് രാജിന്റെ ഉടമസ്ഥതയിലുള്ളതാണ് സെന്റ് മാത്യൂസ് എന്ന തോണി.
നീന്തിക്കയറിയ മൂന്നുപേരെയും കോസ്റ്റല്‍ പോലിസ് വാഹനത്തില്‍ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. തോണിയിലുണ്ടായിരുന്ന ആറ് പേരില്‍ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സര്‍ക്കറിയാസ് മകന്‍ സില്‍വദാസ് 48, കന്യാകുമാരിയിലെ നീരോട് സ്വദേശി പോരിച്ചന്‍ മകന്‍ ഗീതന്‍ 21, കന്യാകുമാരി ശംഖുവിളകം സ്വദേശി കൃസ്തുരാജ മകന്‍ ജിവിന്‍ 21 എന്നീ മൂന്നുപേരാണ് തോണിയില്‍ നിന്ന് തെറിച്ചുവീണ ഉടനെ സാഹസികമായി നീന്തി കടലുണ്ടി കടുക്ക ബസാര്‍ തീരത്ത് എത്തിപ്പെട്ടത്.
തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശികളായ അന്തോണിപ്പിള്ളയുടെ മകനും ഉടമയുമായ തദയൂസ് രാജ് 43, ശെല്‍വരാജ് 39,പനി അടിമൈ മകന്‍ ജസ്റ്റിന്‍ 39 എന്നിവരെയാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മറൈന്‍ എന്‍ഫോഴ്‌സുമെന്റ് എഎസ്‌ഐ സി പി വിചിത്രന്റെ നേതൃത്വത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരായ ഷൈജു,രാജേഷ്, താജുദ്ധീന്‍ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it