Flash News

മല്‍സ്യത്തില്‍ ഗുരുതര രാസപദാര്‍ഥങ്ങള്‍ : ദൗത്യ സേന രൂപീകരിക്കണം - മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: മല്‍സ്യം കേടാവാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ, ആരോഗ്യം, ഫിഷീസ് വകുപ്പുകള്‍ സംയുക്തമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് മല്‍സ്യവിപണന മേഖലകളില്‍ നിരന്തര പരിശോധനകള്‍ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗുണമേന്മയുള്ള മല്‍സ്യം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ജില്ലാ, പഞ്ചായത്ത്, താലൂക്കുതല മല്‍സ്യമാര്‍ക്കറ്റുകളിലും തുറമുഖങ്ങളിലും പരിശോധന നടത്തി സാംബിളുകള്‍ ശേഖരിച്ച് രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തണം. വിഷം ചേര്‍ത്ത മല്‍സ്യങ്ങള്‍ കണ്ടെത്താനുള്ള ഓപറേഷന്‍ സാഗര്‍ റാണിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ നഗരകാര്യവകുപ്പും പഞ്ചായത്തും സഹകരിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. മല്‍സ്യവിപണനം നടത്തുന്ന സ്ഥലങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ക്കെതിരേ ബോര്‍ഡുകള്‍ സ്ഥാപിക്കണം. വിഷം ചേര്‍ത്ത മല്‍സ്യങ്ങള്‍ക്കെതിരേ കൈപുസ്തകങ്ങളും നോട്ടീസുകളും ജനങ്ങളിലെത്തിക്കണം. ജില്ലാ, താലൂക്ക്, പഞ്ചായത്തുതലത്തില്‍ മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണമെന്നും പി മോഹനദാസ് ആവശ്യപ്പെട്ടു. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുള്ള മല്‍സ്യവില്‍പനയ്‌ക്കെതിരേ മനു സി മാത്യു, സി ജെ ജോണ്‍സണ്‍, അജിത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ്് നടപടി. പരാതിയില്‍ കമ്മീഷന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉള്‍പ്പെടെയുള്ള അധികൃതരില്‍നിന്നും വിശദീകരണം തേടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യങ്ങളിലാണ് രാസവസ്തുക്കള്‍ കലര്‍ത്തുന്ന പ്രവണതയുള്ളതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഐസ് നിര്‍മാണത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തകാലത്ത് മല്‍സ്യങ്ങളില്‍ സോഡിയം ബെന്‍സോയേറ്റ് ഉപയോഗിക്കുന്നതായി മനസ്സിലാക്കുന്നു. തീരപ്രദേശങ്ങളില്‍ മറൈന്‍ പോലിസിന്റെ സഹകരണത്തോടെ പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. സാംബിളുകളും ശേഖരിച്ചിട്ടുണ്ട്. ഇതില്‍ പതിനഞ്ചോളം സാംബിളുകളില്‍ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തി. 5 സാംബിളുകളില്‍ സോഡിയം ബെന്‍സോയിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയി—ച്ചിരുന്നു. ഗുണനിലവാരമില്ലാത്ത മല്‍സ്യത്തിന്റെ വിപണനം പൂര്‍ണമായും തടയണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദേ്യാഗസ്ഥര്‍ക്ക് മറ്റ് വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ സഹായം നല്‍കണം. 2014ല്‍ ലോകായുക്തയുടെ ഉത്തരവുണ്ടായിട്ടും മല്‍സ്യവിപണിയില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it