thrissur local

മല്‍സ്യത്തിലിടുന്ന ഐസിന്റെ ഉപയോഗം; കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്നു നഗരസഭ

ചാവക്കാട്: മല്‍സ്യം കേടുവരാതിരിക്കാനുള്ള ഐസ് ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചാവക്കാട് നഗരസഭാധികൃതരുടെ മുന്നറിയിപ്പ്. ബ്ലാങ്ങാട് ബീച്ചിലെ ഐസ് ഫാക്ടറി, ജ്യൂസ് കടകള്‍, ശീതള പാനീയങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍, കേറ്ററിംഗ് സര്‍വീസുകാര്‍ എന്നിവര്‍ക്ക് നഗരസഭ ജാഗ്രതാ നോട്ടീസ് നല്‍കി. മല്‍സ്യത്തിലും ജ്യൂസിലും ഒരേ ഐസാണ് ഉപയോഗിക്കുന്നതെന്ന തേജസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
നഗരസഭയിലെ മുഴുവന്‍ കല്ല്യാണ മണ്ഡപങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അറിയിച്ചു. മല്‍സ്യത്തില്‍ ഉപയോഗിക്കുന്ന ഐസ് പുറത്തേക്ക് വില്‍പ്പന നടത്തുന്ന ഐസ് ഫാക്ടറികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഐസ് ഫാക്ടറിയില്‍ നിന്നു ഒട്ടേറെ ഐസ് ബ്ലോക്കുകള്‍ വില്‍പ്പന നടത്താറുണ്ടെങ്കിലും വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ഐസ് വാങ്ങാന്‍ അധികമാരും എത്തിയില്ലെന്ന് പറയുന്നു.
ഐസ് മല്‍സ്യവില്‍പനക്കാര്‍ക്ക് നല്‍കാറുണ്ടെങ്കിലും ഇവരെ ഉപയോഗിച്ച് കടകളിലേക്ക് കൊണ്ടുപോകുന്നതായും ആരോഗ്യ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മാരകമായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മല്‍സ്യത്തില്‍ ഉപയോഗിക്കുന്ന ഐസ്, ജ്യൂസ് കടകളിലും വിവാഹ സല്‍ക്കാരവേളകളിലും ഉപയോഗിച്ചാല്‍ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it