മല്യ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് രാഹുല്‍

കെ എ സലിം

ന്യൂഡല്‍ഹി: വിജയ് മല്യ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മല്യക്ക് യാത്രാസൗകര്യമൊരുക്കാന്‍ ലുക്കൗട്ട് നോട്ടീസ് സിബിഐ മാറ്റിയത് പ്രധാനമന്ത്രിയുടെ സമ്മതത്തോടെയാണ്.
ഇത്ര വിവാദമായ ഒരു കേസില്‍ അന്വേഷണ ഏജന്‍സി പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ലുക്കൗട്ട് നോട്ടീസ് മാറ്റില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
2015 ഒക്ടോബര്‍ 16നാണ് മല്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. നവംബര്‍ 24ന് നോട്ടീസില്‍, കണ്ടാല്‍ തടഞ്ഞുവയ്ക്കുക എന്നത് വിവരം അറിയിക്കുക എന്നാക്കി മാറ്റി. മല്യ എപ്പോഴും ലണ്ടനിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ആളായതിനാലാണ് അങ്ങനെ ചെയ്തതെന്നും സിബിഐ പറയുന്നു. അതിനാല്‍ തടസ്സമില്ലാതെ മല്യക്ക് ലണ്ടനിലേക്ക് കടക്കാനായി. ഇത്തരത്തിലൊരു മാറ്റം ലുക്കൗട്ട് നോട്ടീസില്‍ വരുത്തിയതായി മല്യ സമ്മതിക്കുന്നുണ്ട്.
അതേസമയം, മല്യ പോവുന്നതിന് നാലു ദിവസം മുമ്പുതന്നെ രാജ്യം വിടുന്നത് തടയാന്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിയമോപദേശം നല്‍കിയിരുന്നതായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. എന്നാല്‍ അവര്‍ ഒന്നും ചെയ്തില്ല. 2016 ഫെബ്രുവരി 29ന് സ്റ്റേറ്റ് ബാങ്ക് ഉന്നതരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് താന്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ബാങ്ക് ചെയര്‍പേഴ്‌സണും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും താന്‍ ഇത്തരത്തിലൊരു ഉപദേശം നല്‍കിയ കാര്യം അറിയാം.
എന്നാല്‍, പിറ്റേന്ന് കോടതി തുറന്നപ്പോള്‍ എസ്ബിഐ ഉദ്യോഗസ്ഥര്‍ വന്നില്ലെന്നും ദവെ പറഞ്ഞു. എന്നാല്‍, തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു എസ്ബിഐയുടെ വിശദീകരണം.

Next Story

RELATED STORIES

Share it