thrissur local

മലയാളിയെ പേരാമംഗലം പോലിസ് സംരക്ഷിക്കുന്നതായി പരാതി

തൃശൂര്‍: ദുബായിലെ അല്‍ സഹാറ ഇന്‍ഷൂറന്‍സ് ബ്രോക്കേഴ്‌സ് സ്ഥാപനത്തിലെ ഏജന്റായി പണം തട്ടിയയാളെ പേരാമംഗലം സിഐ ബി സന്തോഷ് സംരക്ഷിക്കുന്നതായി പരാതി. പേരാമംഗലം ചിറ്റിലപ്പള്ളി വലിയ വളപ്പില്‍ മുഹമ്മദാലിയുടെ മകന്‍ സാജിദ് ആണ് തട്ടിപ്പ് നടത്തിയതെന്ന് സ്ഥാപനത്തിന്റെ പാര്‍ട്ട്ണറായ ചാവക്കാട് തളിക്കുളം സ്വദേശി എന്‍ എസ് ബാദുഷ ദുബായ് പോലിസിലും പേരാമംഗലം പോലിസിനും നല്‍കിയ പരാതിയില്‍ പറയുന്നു.
കമ്പനിയുടെ പേരില്‍ 80 പേരില്‍ നിന്ന് ശേഖരിച്ച 40 ലക്ഷത്തോളം രൂപ കമ്പനിയില്‍ അടക്കാതെ സാജിദ് ദുബൈയില്‍ നിന്നും മുങ്ങുകയായിരുന്നു. നാട്ടിലെത്തി പണം തിരികേ ചോദിക്കാന്‍ ശ്രമിച്ച ബാദുഷയെ സാജിദും മകന്‍ മുഹമ്മദ് ഇന്‍സമാമും ചേര്‍ന്ന് മര്‍ദിച്ചവശരാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പേരാമംഗലം പോലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതി സാജിദിന് നാട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ പോലിസ് സഹായം ചെയ്തുനല്‍കുകയായിരുന്നു.
പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നിരുന്ന തന്നെ വന്ന് കണ്ട പേരാമംഗലം സിഐ ബി സന്തോഷ് കേസ് ഒത്തുതീര്‍ക്കുകയാണ് നല്ലതെന്നും 20 ലക്ഷം രൂപയോളമേ ലഭിക്കുകയുള്ളൂവെന്നും അല്ലാത്തപക്ഷം സാജിദ് വേറെ കേസ് ഫയല്‍ ചെയ്യുമെന്നും ബാദുഷ നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്നും അറിയിക്കുകയായിരുന്നു.
പോലിസിലെ ഉന്നതര്‍ക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കുകയും തുടര്‍ന്ന് 2018 ഏപ്രില്‍ 10 ന് കേസന്വേഷണം മറ്റൊരു ഓഫീസറെ ഏല്‍പ്പിക്കാന്‍ ഐജി ഉത്തരവിറക്കുകയുമായിരുന്നു.
എന്നാല്‍ നാളിതുവരേയായിട്ടും കേസിന്റെ ഫയല്‍ പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ബാബു കെ തോമസിന് കൈമാറാന്‍ നേരത്തെ അന്വേഷണം നടത്തിയിരുന്ന പേരാമംഗലം സിഐ ബി സന്തോഷ് തയ്യാറായിട്ടില്ല.
കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പേരാമംഗലം സിഐ ബി സന്തോഷിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയതായും അന്വേഷണം ത്വരിത ഗതിയിലാക്കണമെന്നാവശ്യപ്പെട്ട് ഉന്നത പോലിസുദ്യോഗസ്ഥര്‍ക്ക് വീണ്ടും പരാതി നല്‍കുമെന്നും ബാദുഷ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബന്ധുക്കളായ അഷ്‌റഫ് എടശ്ശേരി, ഖദീജ അഷ്‌റഫ്, സജീഷ് പിവി എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it