മലയാളിയുടെ ഔഷധക്കൂട്ടിന് ആഗോള അംഗീകാരം

കണ്ണൂര്‍: പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും വിഷാംശം ഇല്ലായ്മ ചെയ്യാന്‍ മലയാളി ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ഔഷധക്കൂട്ടിന് അന്താരാഷ്ട്ര അംഗീകാരം. കാഞ്ഞങ്ങാട് സ്വദേശി ഡോ. കെ മോഹനന്റെ ഗവേഷണ റിപോര്‍ട്ട് വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പ്രസിദ്ധപ്പെടുത്തി. കേരളത്തില്‍ അഭിഭാഷകനായിരിക്കെ ദീര്‍ഘകാലാവധിയെടുത്ത് അല്‍ ഐനിലെ ബരാക്കത്ത് ഇന്റര്‍നാഷനല്‍ ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ കമ്പനിയില്‍ ജോലി ചെയ്ത കാലയളവിലാണ് വിഷപ്രയോഗത്തിന്റെ രൂക്ഷത മനസ്സിലാക്കിയത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നതും തദ്ദേശീയമായി കൃഷിചെയ്യുന്നതുമായ പഴം-പച്ചക്കറികള്‍ എത്രമാത്രം വിഷലിപ്തമാണെന്ന തിരിച്ചറിവാണ് ഗവേഷണത്തിനു കാരണം.
ഇതിനായി ആദിവാസി ഊരുകളില്‍ മാസങ്ങളോളം താമസിച്ചു. പാമ്പിന്‍വിഷമടക്കം ഏതു കൊടിയ വിഷവും ശരീരത്തില്‍ നിന്നിറക്കുന്ന ആദിവാസി വൈദ്യന്മാരുടെ പച്ചമരുന്ന് പ്രയോഗവും കുടുംബത്തിലെ മുന്‍തലമുറയിലെ പ്രശസ്ത വിഷഹാരിയായിരുന്ന വെള്ളിക്കോത്ത് മഹാകവി പി സ്മാരക സ്‌കൂളിന്റെ സ്ഥാപകന്‍ കൊല്ലടത്ത് കണ്ണന്‍ നായരില്‍ നിന്നു പകര്‍ന്നുകിട്ടിയ പാരമ്പര്യ അറിവുകളുമൊക്കെ ഗവേഷണത്തെ സഹായിച്ചെന്ന് ഡോ. മോഹനന്‍ പറയുന്നു. തുടര്‍ന്നാണ് വിഷാംശം വലിച്ചെടുത്ത് അതിനെ ശുദ്ധീകരിക്കാനുള്ള ഔഷധക്കൂട്ട് രൂപപ്പെടുത്തിയത്.
പച്ചക്കറികളും പഴങ്ങളും ഒരു പാത്രത്തിലെ ശുദ്ധജലത്തിലിട്ട് അതില്‍ തന്റെ ഔഷധം ചേര്‍ക്കുക. മൂന്നുമണിക്കൂ ര്‍ കഴിഞ്ഞ് പുറത്തെടുത്ത് നന്നായി കഴുകുമ്പോഴേക്കും തൊലിപ്പുറത്തെ മാത്രമല്ല, അകത്തുമുള്ള വിഷാംശം (ടോക്‌സിന്‍സ്) പൂര്‍ണമായി വേര്‍തിരിച്ചെടുക്കാനാവുമെന്നാണ് മോഹനന്‍ തെളിയിച്ചത്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ലബോറട്ടറികളിലെ കൃത്യവും കര്‍ശനവുമായ പരീക്ഷണങ്ങള്‍ക്കു ശേഷം അമേരിക്കന്‍ പേറ്റന്റ് കമ്പനിയായ മാക്‌സ്‌വെല്‍ ഐപിയില്‍ നിന്ന് ഇന്ത്യന്‍ പ്രൊവിഷനല്‍ പേറ്റന്റും ലോകരാജ്യങ്ങളില്‍ ഔഷധം നിര്‍മിച്ച് വിപണനം ചെയ്യാനുള്ള പിസിടി അംഗീകാരവും കണ്ടുപിടിത്തത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ ഗവേഷണപ്രബന്ധം അന്തര്‍ദേശീയ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടര്‍ന്ന്  ജൈവ ഔഷധം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡോ. മോഹനന്‍.
Next Story

RELATED STORIES

Share it