മലയാളഭാഷാ ബില്ല് ദുര്‍ബലം: ഭാഷാവിദഗ്ധര്‍

കെ അഞ്ജുഷ

കോഴിക്കോട്: കഴിഞ്ഞദിവസം നിയമസഭ പാസാക്കിയ മലയാളഭാഷാ ബില്ല് ദുര്‍ബലമെന്നു ഭാഷാവിദഗ്ധര്‍. പാഠ്യപദ്ധതിയില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കണമെന്ന നിര്‍ദേശം തള്ളിക്കളഞ്ഞതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രധാന നിര്‍ദേശങ്ങളെല്ലാം ഒഴിവാക്കിയ ബില്ലുകൊണ്ട് മലയാളത്തിനു കാര്യമായ ഗുണമുണ്ടാവില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പാലൊളി രവി അധ്യക്ഷനായ നിയമസഭാ സമിതി 2013ല്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കണം, കോടതിഭാഷ മലയാളമാക്കണം, ഭരണഭാഷ മലയാളമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 2014ല്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കണമെന്നുള്ള നിര്‍ദേശം പിന്നീട് വിദ്യാഭ്യാസവകുപ്പ് ഒഴിവാക്കുകയായിരുന്നു. മലയാളം പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന് മലയാള മിഷന്‍ നടത്തുന്ന പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥയും വിദ്യാഭ്യാസവകുപ്പ് ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദീര്‍ഘവീക്ഷണമില്ലാതെ ബില്ല് പാസാക്കുകയായിരുന്നെന്ന് ഐക്യമലയാള പ്രസ്ഥാനം പ്രവര്‍ത്തകന്‍ ആര്‍ നന്ദകുമാര്‍ പറഞ്ഞു.
ദുര്‍ബലമായ ബില്ലുകൊണ്ട് മലയാളത്തിന് പ്രത്യേക ഗുണമൊന്നുമില്ലെന്നും വേണ്ടത്ര ചര്‍ച്ച പോലുമില്ലാതെയാണ് നിയമസഭ ബില്ല് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ താല്‍പര്യപ്രകാരം മലയാളഭാഷാ പഠനം ഒഴിവാക്കാം എന്നിരിക്കെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം മലയാളം നിര്‍ബന്ധിത ഭാഷയാക്കി മറ്റു പാഠ്യക്രമങ്ങളില്‍ നിന്ന് മലയാളത്തെ ഒഴിവാക്കുന്നതു നീതീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികളുമായി മുന്നോട്ടു പോവാനിരിക്കുകയാണ് മലയാളഭാഷാ പ്രസ്ഥാനങ്ങള്‍.
Next Story

RELATED STORIES

Share it