Flash News

മലപ്പുറത്ത് വര്‍ഗീയ കലാപത്തിനുള്ള ഗൂഢാലോചനയുണ്ടെന്ന് പരാതി ; 10 വര്‍ഷത്തെ ക്ഷേത്രാക്രമണങ്ങള്‍ പോലിസ് പുനരന്വേഷിക്കുന്നു



കെ  പി  ഒ  റഹ്മത്തുല്ല

മലപ്പുറം: സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യംവച്ച് നിഗൂഢശക്തികള്‍ നടത്തിയ മലപ്പുറം ജില്ലയിലെ ക്ഷേത്രാക്രമണങ്ങള്‍ പോലിസ് പുനരന്വേഷിക്കുന്നു. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നടന്ന അക്രമങ്ങളാണ് ഇങ്ങനെ അന്വേഷിക്കുന്നതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റ വ്യക്തമാക്കി. ആക്രമണങ്ങള്‍ക്കു പിന്നി ല്‍ ജില്ലയില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് വിവിധ വിഭാഗങ്ങളില്‍ നിന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലിസ് പുനരന്വേഷണത്തിനൊരുങ്ങുന്നത്. ഇനിയും പ്രതികളെ കിട്ടാതെ അന്വേഷണം അവസാനിപ്പിച്ച കേസുകളാണ് പ്രധാനമായും പുനരന്വേഷിക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയി ല്‍ സംശയങ്ങള്‍ ഉണ്ടാക്കി മുതലെടുപ്പിനു ശ്രമിക്കുന്ന ശക്തികളെ കണ്ടെത്താന്‍ ക്ഷേത്രാക്രമണങ്ങളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ധാരാളം നിവേദനങ്ങള്‍ പോലിസിനും സര്‍ക്കാരിനും ലഭിച്ചിരുന്നു. ഓരോ ക്ഷേത്രാക്രമണക്കേസും പ്രത്യേകം പ്രത്യേകമായാണ് അന്വേഷിക്കുന്നത്. ഈ ആക്രമണങ്ങള്‍ക്കു പിന്നിലെല്ലാം ഒരേ ശക്തികളാണെന്ന സംശയവും ഇതിനകം ബലപ്പെട്ടിട്ടുണ്ട്. ഉത്തര-ദക്ഷിണ സംസ്ഥാനങ്ങളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ ഗുണഫലം കൊയ്ത അതേ രൂപത്തിലുള്ള ആക്രമണങ്ങള്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിച്ചതായി ക്ഷേത്രാക്രമണങ്ങളുടെ രീതി വച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് പ്രത്യേക ലക്ഷ്യം വച്ച് ചിലര്‍ നടത്തിയിരുന്നത്. സാമൂഹിക മാധ്യമങ്ങളെയും ഇതിന് ഉപയോഗപ്പെടുത്തിയിരുന്നു. പ്രതി പിടിയിലായതോടെയാണ് മലപ്പുത്തെ മുന്‍കാലങ്ങളില്‍ നടന്ന ക്ഷേത്രാക്രമണങ്ങ ള്‍ സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവന്നത്. അതു പരിഗണിച്ചാണ് പോലിസ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 10ഓളം ക്ഷേത്രാക്രമണങ്ങളാണ് പുനരന്വേഷണ പട്ടികയിലുള്ളത്. 2011 ഡിസംബറില്‍ മൊറയൂര്‍ ക്ഷേത്ര മേല്‍ക്കൂരയ്ക്ക് തീയിട്ട സംഭവത്തിലെ പ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല. ഈ കേസില്‍ പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവവും പുനരന്വേഷണ പട്ടികയി ല്‍ ഇടംപിടിച്ചിട്ടുണ്ട്. പോലിസിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ഈ അന്വേഷണങ്ങളില്‍ പ്രതികള്‍ പിടിയിലാവുന്നതോടെ ഫാഷിസ്റ്റുകള്‍ നടത്തിയ കള്ളപ്രചാരണങ്ങളെല്ലാം പൊളിയുമെന്നാണ് സൂചന. ന്യൂനപക്ഷ ജനവിഭാഗങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഫാഷിസ്റ്റുകള്‍ തന്നെ ചെയ്തുകൂട്ടിയതാണ് ക്ഷേത്രാക്രമണങ്ങളെന്ന് അന്വേഷണത്തി ല്‍ തെളിയുമെന്നാണ് പൊതു സമൂഹം വിലയിരുത്തുന്നത്. പോലിസിന്റെ പുതിയ അന്വേഷണ തീരുമാനം എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it