malappuram local

മലപ്പുറത്ത് നാളെയാണ് സാംബ നൃത്തം

മലപ്പുറം: ലോക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്ന റഷ്യയിലോ, സാക്ഷാല്‍  ഫുട്‌ബോളിലെ നായകരായ ബ്രസീലിലോ ചിലപ്പോള്‍ ഫുട്‌ബോള്‍ റാലിയും മറ്റും തുടങ്ങുന്നതേയുണ്ടാവു. എന്നാല്‍, ബ്രസീലിന്റെ ചുണക്കുട്ടികളായ നെയ്മറും തിയോഗോയും മിറാന്റയും ലൂയിസുമൊന്നും കണ്ടിട്ടു പോലുമില്ലാത്ത മലപ്പുറത്ത്് നാളെ ആവരുടെ രാജ്യത്തിന്റെ കൊടിയും തോരണങ്ങളും നിറഞ്ഞ റാലി നടക്കാന്‍ പോവുകയാണ്.
ഓള്‍ കേരള ബ്രസീല്‍ ഫാന്‍സിന്റെ നേതൃത്വത്തിലാണ് വാഹന റാലിയും ഗ്രാന്റ് മീറ്റും. ഉച്ചയ്ക്ക് മൂന്നിനാരംഭിക്കുന്ന പരിപാടി മലപ്പുറം കിഴക്കേതലയില്‍ നിന്നു ആരംഭിച്ച് കോട്ടക്കുന്നില്‍ വൈകീട്ട് അഞ്ചിന് സമാപിക്കും. ജഴ്‌സി, വാഹനം, കൊടി തുടങ്ങിയവയെല്ലാം നാളെ മഞ്ഞയിലലിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ബ്രസീല്‍ ആരാധകരെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്...തീച്ചൂളകളില്‍ ജനിച്ച ഞങ്ങള്‍ക്കാണോ തീപ്പെട്ടിക്കൊള്ളികളെ പേടി....തുടങ്ങിയ വാക്കുപ്രയോഗത്തില്‍ പോസ്റ്ററുകളിലൂടേയും, ആരെടാ...ആരെടാ.....മഞ്ഞപ്പടയെ എതിരിടാന്‍ ആരെടാ.....തുടങ്ങിയ പാട്ടിലൂടെയും എതിരാളികളെ ചൊടിപ്പിക്കുന്നതരത്തിലാണ് ബ്രസീല്‍ ആരാധകരുടെ പ്രചരണം. ബസ് സ്റ്റോപ്പുകളും വീടുകളും മറ്റും മഞ്ഞച്ചായം പൂശല്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 14ന് റഷ്യ-സൗദി മല്‍സരത്തോടെയാണ് ലോക ചാംപ്യന്‍ഷിപ്പിന് അരങ്ങുണരുക.
Next Story

RELATED STORIES

Share it