Sports

മലപ്പുറം പിടിക്കാന്‍ ഇന്ത്യന്‍ യുവത്വം

മുജീബ് പുള്ളിച്ചോല

മലപ്പുറം:13ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കും. ഇനിയുള്ള മൂന്നു ദിനങ്ങള്‍ രാജ്യത്തെ ഭാവി കായിക താരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സി എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ മാറ്റുരയ്ക്കും.
വിവിധ സംസ്ഥാനങ്ങളിലെ 356 പുരുഷ താരങ്ങളും 239 വനിതാ താരങ്ങളും പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പ് 28നു സമാപിക്കും.
ആതിഥേയരായ കേരളത്തില്‍ നിന്നു 100 താരങ്ങള്‍ ട്രാക്കിലും പിറ്റിലുമായി മല്‍സരത്തിനിറങ്ങും. നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്റേതാണ് ഏറ്റവും വലിയ സംഘം. 52 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളും അടങ്ങുന്നതാണ് കേരളത്തിന്റെ കരുത്ത്.
നിലവിലെ ജേതാക്കളായ കേരളത്തെ പിടിക്കാന്‍ ഹരിയാന, തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ് ടീമുകള്‍ കരുത്തോടെ പിന്നിലുണ്ട്. രാജ്യാന്തര താരങ്ങളായ ജിസ്‌ന മാത്യു, അബിത മേരി മാനുവല്‍, അനുമോള്‍ തമ്പി എന്നിവരടങ്ങുന്ന ശക്തമായ താരപ്പടയുമായാണ് കേരളം ട്രാക്കിലിറങ്ങുന്നത്.
18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് മേളയില്‍ പങ്കെടുക്കുക. 42 ഇനങ്ങളിലാണ് മല്‍സരം. കടുത്ത ചൂട് കണക്കിലെടുത്ത് നട്ടുച്ച വേളയില്‍ മല്‍സരങ്ങള്‍ നടക്കില്ല. രാവിലെ 6.30 മുതല്‍ 11 വരെയും ഉച്ചയ്ക്കുശേഷം 2.30 മുതല്‍ ആറു വരെയുമാണ് മല്‍സരങ്ങള്‍. ലക്ഷദ്വീപില്‍നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചാംപ്യന്‍ഷിപ്പിനുണ്ട്.
ഇന്നു രാവിലെ 6.30ന് മല്‍സരങ്ങള്‍ക്കു തുടക്കമാവും. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മല്‍സരമാണ് മീറ്റിലെ ആദ്യയിനം. തൊട്ടുപിന്നാലെ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മല്‍സരവും നടക്കും.
ആദ്യ ദിനത്തില്‍ 18 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. 10 ഇനങ്ങളുടെ ഫൈനല്‍ പോരും ഇന്നുതന്നെ നടക്കും. വൈകീ ട്ട് നാലുമണിക്ക് മീറ്റിന്റെ ഔപചാരിക ഉദ്ഘാ ടനം നടക്കും. അത്‌ലറ്റിക് ഫെഡറേഷന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മീറ്റ്‌നടക്കുന്നത്.
ഫോട്ടോ ഫിനിഷിങ് സംവിധാനം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളൊരുക്കിയാണ് കാലി ക്കറ്റ് സര്‍വകലാ ശാല സിന്തറ്റിക് ട്രാക്ക് ദേശീയ യൂത്ത് മീറ്റിനെ സ്വീകരിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്. അല്‍ അബീ ര്‍ എഡ്യുസിറ്റി ഗ്രൂപ്പാണ് ചാംപ്യന്‍ഷിപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍.
ഒട്ടേറെ ഇന്റര്‍ കോളജിയേറ്റ്, ഇന്റര്‍ യൂനിവേഴ്‌സിറ്റി മല്‍സരങ്ങള്‍ക്ക് വേദിയായിട്ടുള്ള സി എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയം സിന്തറ്റിക് ട്രാക്ക് അണിഞ്ഞ ശേഷം ആദ്യമായാണ് ദേശീയ മല്‍സരങ്ങള്‍ക്കു വേദിയാവുന്നത്.
Next Story

RELATED STORIES

Share it