Kollam Local

മരിച്ചവര്‍ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി



ചവറ: കെഎംഎംഎല്ലിലേക്കുള്ള പാലം തകര്‍ന്ന് മരിച്ചവര്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. ഇന്നലെ ഉച്ചയോടെ പന്മന മേക്കാട് സ്വദേശിനികളായ ഫിലോമിന മന്ദിരത്തില്‍ റേയ്ച്ചല്‍ ക്രിസ്റ്റഫര്‍ എന്ന എയ്ഞ്ചലീനയുടേയു (42) ജിജിഎന്‍ വില്ലയില്‍  അന്നമ്മ (47 )  യുടെയും മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോവില്‍തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലും വടക്കുംതല കൊല്ലക കൈരളിയില്‍ പരേതനായ ചന്ദ്ര ശേഖരപിള്ളയുടെ ഭാര്യ  ശ്യാമളദേവി (52) യുടെ മൃതദേഹം വീട്ടുവളപ്പിലും സംസ്‌കരിച്ചു. മരിച്ച മൂന്ന് പേരും ഭര്‍ത്താവ് മരിച്ച ഒഴിവില്‍ ലഭിച്ച ആശ്രിതനിയമനത്തില്‍ ജോലിയില്‍ കയറിയവരാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയില്‍ നിന്നും പിരിയാനിരിക്കവേയാണ് ശ്യാമളാ ദേവിയെ മരണം പിടികൂടിയത്. ഗോഡ് വിന്‍, ഗ്ലാഡ് വിന്‍ എന്നിവരാണ് അന്നമ്മയുടെ മക്കള്‍. ആശ, ചിത്ര എന്നിവരാണ് ശ്യാമളാ ദേവിയുടെ മക്കള്‍.  മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കെഎംഎംഎല്ലിലും,  എംഎസ് യൂനിറ്റിന് സമീപത്തെ അപകടം നടന്ന സ്ഥലത്തും പൊതുദര്‍ശനത്തിന് വച്ചു. കമ്പനി ജീവനക്കാരും നാട്ടുകാരും അടക്കം നിരവധി പേരാണ് ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. വ്യവസായ മന്ത്രി എസി മൊയ്തീന്‍, മന്ത്രി കെ രാജു, കെപിസിസി. മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, കെ സോമപ്രസാദ് എംപി, എന്‍ വിജയന്‍ പിള്ള എംഎല്‍എ, കെ എന്‍ ബാലഗോപാല്‍, മുന്‍ മന്ത്രി പി കെ ഗുരുദാസന്‍,  കെഎംഎംഎല്‍ എംഡി. റോയി കുര്യന്‍, അനില്‍ മുഹമ്മദ്, സൂരജ് രവി, എസ് സുദേവന്‍, സുരേഷ് ബാബു, ടി മനോഹരന്‍, സന്തോഷ്  തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും കെഎംഎംഎല്‍ ഉദ്യോഗസ്ഥരും സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
Next Story

RELATED STORIES

Share it