ernakulam local

മരട് സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദിനിറവില്‍; ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍



മരട്: മരടിലെ മുഴുവന്‍ ജനങ്ങളുടെ ജീവിതവുമായി ഇഴുകിചേര്‍ന്നു നാടിന്റെ അഭിമാന സ്ഥാപനമായി മാറിയ മരട് സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നാളെ ആരംഭിക്കും. രാവിലെ 10 മണിക്കു ബാങ്കിന്റെ പുതിയ ഓഡിറ്റോറിയത്തില്‍ വെച്ചു മുന്‍ മന്ത്രി ഡോമനിക്ക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ പിതാവ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.’1917 ജൂണ്‍ 7 ന് അന്നത്തെ കൊച്ചിന്‍ ദിവാന്‍ പേഷ് കാര്‍ രജിസ്‌ട്രേഷന്‍ അനുമതി നല്‍കുകയും തുടര്‍ന്നു ഇളയിടത്ത് കുഞ്ചുമേനോന്‍ പ്രഥമ പ്രസിഡന്റായും, കെ എല്‍ ഗര്‍വാ സീസ് മാസ്റ്റര്‍, കടേക്കുഴി ഗോപാലമേനോന്‍, വി എക്‌സ് ജോസഫ് തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവരുടെ വസതികളിലായിരുന്നു ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. നൂറ്റിനാല്‍പത് രൂപയ്ക്കു വാങ്ങിയ ഭൂമിയില്‍ ആയിരത്തി നാനൂറു രൂപ മുതല്‍ മുടക്കി രണ്ടുനില കെട്ടിടം പണിത് സംഘം പ്രവര്‍ത്തനം വിപുലമാക്കി.1962 ല്‍ സഹകരണ പ്രസ്ഥാനമായി മാറിയ സംഘത്തില്‍ ഫാക്ട് വളം ഡിപ്പോഏജന്‍സി, കെട്ടു തെങ്ങു വായ്പാ പദ്ധതി, റേഷന്‍ ഷോപ്പുകള്‍, കണ്‍സ്യൂമര്‍ സ്‌റ്റോര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.1965 ല്‍ റിട്ട. ചീഫ് എന്‍ജിനീയര്‍ എം കുമാരന്‍ കുട്ടി മേനോന്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കുകയും ഒട്ടേറെ പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തതോടെ ബാങ്ക് പുത്തന്‍ ഉണര്‍വിലായി. 1976 ല്‍ ആരംഭിച്ച നിക്ഷേപ സമാഹരണയജ്ഞം ബാങ്കിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് സഹായകമായി. താലൂക്ക്, ജില്ലാ സംസ്ഥാനതലത്തില്‍ ഇരുപത്തി ആറു അവാര്‍ഡുകള്‍ ഇതിനോടകം കരസ്ഥമാക്കി.പ്രവര്‍ത്തന മൂലധനമായ് 265 കോടി രൂപയും, ഷെയര്‍ കാപിറ്റലായി 5.5 കോടി രൂപയും ബാങ്കിനു മൂലധനത്തോടെയാണ് ബാങ്ക് അതിന്റെ നൂറാം ജന്മദിനാഘോഷം നടത്തുന്നത്.സ്വാഗത സംഘം ചെയര്‍മാന്‍ ടി പി ആന്റണി മാസ്റ്ററുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മരട് നഗരസഭ ആക്റ്റിംങ് ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പന ശതാബ്ദിസന്ദേശം നല്‍കും . വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ജില്ലാ ജോ. രജിസ്ട്രാര്‍ എം എസ് ലൈല നിര്‍വഹിക്കും. വി ജയകുമാര്‍, എന്‍ ജെ ബാബു, സംസാരിക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക്  വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സ്വാഗത സംഘം ഭാരവാഹികളായ ടി പി ആന്റണി, വി ജയകുമാര്‍, എന്‍ ജെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it