ernakulam local

മരട് രാജ്യാന്തര മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു

മരട്: മരട് രാജ്യാന്തര പച്ചക്കറി മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. മാര്‍ക്കറ്റിന്റെ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം കമ്മീഷന്‍ ചെയ്തതോടെയാണ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്.
മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ദിനംപ്രതി കുമിഞ്ഞുകൂടുകയും സമീപത്തെ പരിസരവാസികള്‍ക്കും മറ്റും രൂക്ഷമായ ഗന്ധവും പകര്‍ച്ചവ്യാധികള്‍ പടരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടിയെടുക്കുകയായിരുന്നു.
മാര്‍ക്കറ്റിലെ മാലിന്യത്തില്‍നിന്നു വൈദ്യുതിയും വളവും, പാചകഗ്യാസും ആക്കി മാറ്റുന്ന പദ്ധതിയാണിത്. മാര്‍ക്കറ്റ് ജൈവമാലിന്യങ്ങള്‍ പ്ലാന്റില്‍ മൂല്യവര്‍ധിത ഉല്‍പന്നമായി മാറുന്ന പ്രക്രിയയാണ് ഏതാണ്ട് 65 ലക്ഷം രൂപ ചെലവില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍(കെയ്‌ക്കോ) പ്രാവര്‍ത്തികമാക്കുന്നത്. മാലിന്യത്തില്‍നിന്ന് ബയോഗ്യാസ് ഉല്‍പാദിപ്പിച്ച വൈദ്യൂതി കൊണ്ടായിരിക്കും മാര്‍ക്കറ്റിലെ സ്ട്രീറ്റ് ലൈറ്റുകള്‍ തെളിക്കുക. പകല്‍ സമയം പാചക ഗ്യാസില്‍ മാര്‍ക്കറ്റിലെ കാന്റീനും പ്രവര്‍ത്തിക്കും. ബാക്കിവരുന്ന അവശിഷ്ടം ഉണക്കി ജൈവവളമാക്കി വിപണിയില്‍ എത്തിക്കും. എന്നിങ്ങനെ മൂന്നു തരത്തിലുള്ള ഉപയോഗമാണു ഈ പ്ലാന്റില്‍നിന്നും ലഭിക്കുക. 2013 ഏപ്രില്‍ ആദ്യവാരത്തിലാണ് അന്നത്തെ മരട് നഗരസഭ ചെയര്‍മാന്‍ ടി കെ ദേവരാജനും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ മജീദും മന്ത്രി കെ പി മോഹനനെ കണ്ട് രൂപരേഖ തയ്യാറാക്കി പണി ആരംഭിച്ചത്. 2014ല്‍ പണി പൂര്‍ത്തിയായെങ്കിലും വൈദ്യൂതി കണക്ഷന്‍ വലിക്കുന്നതിലെ തടസങ്ങള്‍ കാരണം കമ്മീഷന്‍ ചെയ്യുന്നതിന് താമസം നേരിടുകയായിരുന്നു. മാര്‍ക്കറ്റില്‍നിന്നും 6 ടണ്‍ മാലിന്യമാണ് ദിനംപ്രതി ലഭിക്കുന്നത്. 3 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശേഷിയെ ഈ പ്ലാന്റിനുള്ളു.
മാര്‍ക്കറ്റിനകത്തെ എല്ലാ വ്യാപാരികളും ഇതില്‍ സഹകരിക്കണമെന്നും അല്ലാത്തവരുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. അഗ്രികള്‍ച്ചര്‍ ഓഫിസര്‍ വി എസ് റോയി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെയ്‌ക്കോ എന്‍ജിനീയര്‍ അനില്‍ പദ്ധതി വിശദീകരണം നടത്തി. അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍ എം വി ജയശ്രീ, സിബി ജോസഫ്, കെ ജി ആന്റണി, നീന കോശി, മേരി ജോര്‍ജ്, ഷൈല ജോര്‍ജ്, രാജേഷ് ചടങ്ങില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it