ernakulam local

മരട് ദേശീയപാതയില്‍ തണല്‍മരം കടപുഴകി : ഗതാഗതം സ്തംഭിച്ചു



മരട്: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മിനി ബൈപാസിന് സമീപം പാതയോരത്തെ തണല്‍ മരം റോഡില്‍ കടപുഴകി വീണു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മരം വീണതിന് തൊട്ടു മുന്നേ വാഹനങ്ങള്‍ കടന്ന് പോയി. അഞ്ചു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.റോഡിന് എതിര്‍വശത്തെ വീടിനു മുകളിലേക്കാണ് മരം കടപുഴകി വീണത് . വീടിനോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറിനും ചില്ലറ കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ടറസിന് മുകള്‍ ഭാഗത്തെ അലൂമിനിയം റൂഫിങ് ഷീറ്റാണ് ഭാഗീകമായി തകര്‍ന്നത്. വൈദ്യുതി പോസ്റ്റും തകര്‍ന്നു. ഇലവന്‍ കെ വി ലൈന്‍ പൊട്ടി വീണത് മൂലം വൈദ്യുതി ബന്ധം തകരാറിലായി. പൂണിത്തുറ ഗാന്ധിസ്‌ക്വയറിന് പടിഞ്ഞാറ ഭാഗത്തായി ബുധനാഴ്ച പുലര്‍ച്ചെ 545നാണ് സംഭവം. റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ വാകമരം നിലംപൊത്തിയതോടെ പേട്ട, തൃപ്പൂണിത്തുറ, മരട്, ഇരുമ്പനം ഭാഗങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടര്‍ന്ന് എത്തിയ മരട് പോലിസ് ഗാന്ധി സ്‌കയറിലും ,മരട് ജംങ്ഷനിലും റോഡ് ബ്ലോക്ക് ചെയ്‌തെങ്കിലും കാറ് പോലുള്ള ചെറു വാഹനങ്ങള്‍ വീണു കിടന്നിരുന്ന മരത്തിനടിയിലൂടെ കടന്നു പോയികൊണ്ടിരുന്നത്  രക്ഷാ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കി.  തുടര്‍ന്ന് കൊച്ചി നഗരത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ വിവിധ റോഡുകളിലൂടെ വഴിതിരിച്ചുവിട്ടെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് കുരുക്കിന് ശമനമായത്. അതേ സമയം ദേശീയ പാത 47ല്‍ വൈറ്റില ജങ്ഷനിലെ സിഗ്‌നല്‍ കട്ട് ചെയ്ത് ഗതാഗതക്കുരുക്കൊഴിവാക്കാനും ശ്രമം നടത്തി. അതേ സമയം അപ്രതീക്ഷിതമായുണ്ടായ ഗതാഗതക്കുരുക്കില്‍ നൂറുകണക്കിന് യാത്രക്കാരാണ് കുരുങ്ങിയത്. ഇതിനിടയില്‍ ഒരു വിവാഹ വാഹനവും കുരുക്കില്‍പെട്ടെങ്കിലും പോലിസിന്റെ സഹായത്താല്‍ കടത്തിവിട്ടു. കൗണ്‍സിലര്‍മാരായ എ ബി സാബു ,വി പി ചന്ദ്രന്‍ ,സിപിഐ ലോക്കല്‍ സെക്രട്ടറി എ എം മുഹമ്മദ്   നേതൃത്വ ത്തില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിത മാക്കി .തുപ്പൂണിത്തുറയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് മരം മുറിച്ചു മാറ്റിയാണ് പത്തര മണിയോടെ ഗതാഗതം പുനസ്ഥാപിച്ചത്. നാട്ടുകാരും മരട് പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് റോഡില്‍ നിന്ന് മരം വെട്ടി നീക്കിയതിന് ശേഷം 10.30 ഓടേയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
Next Story

RELATED STORIES

Share it