malappuram local

മയക്കുമരുന്നുകളുമായി അന്താരാഷ്ട്ര കണ്ണി പിടിയില്‍

നിലമ്പൂര്‍: ആഘോഷങ്ങളിലും റേവ് പാര്‍ട്ടികളിലും ഉപയോഗിക്കുന്ന മയക്കുമരുന്നുകളുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ആലപ്പുഴ കായംകുളം സ്വദേശി മാളിയേക്കല്‍ കിഴക്കേതില്‍ വീട്ടില്‍  ഷൈജുമോന്‍ (24)നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ മേഖലയില്‍ ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോഴായിരുന്നു  നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 4.5 ഗ്രാം മെഥലിന്‍ ഡയോക്‌സി മെറ്റാം ഫിറ്റമിനും 200 ഗ്രാം ഹാഷിഷും പിടികൂടി. കൊടൈക്കനാല്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു ശൃംഖലയിലെ മുഖ്യ കണ്ണിയാണിയാള്‍. ആഫ്രിക്കന്‍ സ്വദേശിയോടൊപ്പം മയക്കുമരുന്നുമായി മുമ്പ് ബാംഗളുരു പോലിസിന്റെ പിടിയിലായിട്ടുള്ള ഇയാള്‍ ഇപ്പോള്‍ ആ കേസില്‍ ജാമ്യത്തിലാണ്. എക്സ്റ്റസി എന്നറിയപ്പെടുന്ന മെഥലിന്‍ ഡയോക്‌സി മെറ്റാം ഫിറ്റമിന്‍ എന്ന മാരക മയക്കുമരുന്ന് ഒരു ഗ്രാമിന് 4,000 രൂപയ്ക്കാണ് ഇയാള്‍ ആവശ്യക്കാര്‍ക്കു നല്‍കുന്നത്.  മുഖ്യമായും ബാംഗളുരുവിലെ ആഫ്രിക്കന്‍ സ്വദേശികളില്‍ നിന്നുമാണ് ഇത് സംഘടിപ്പിക്കുന്നത്. ഹാഷിഷ്, ചരസ് എന്നിവ കൊണ്ടുവരുന്നത് ഹിമാചലിലെ മണാലി, കസൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്. 8 ഗ്രാം ഹാഷിഷ്് 3,500 രൂപയ്ക്കാണ് വില്‍ക്കുന്നത്. ജില്ലയില്‍ മുന്‍പ് കുറ്റിപ്പുറത്ത് നിന്നും ഹാഷിഷ് പിടിച്ചിട്ടുണ്ടെങ്കിലും നിലമ്പൂരില്‍ നിന്നും ആദ്യമായാണ് ഹാഷിഷ് പിടിക്കുന്നതെന്നും എക്‌സൈസുകാര്‍ പറഞ്ഞു. പ്രിവ. ഓഫിസര്‍ ബിജു പി എബ്രഹാം, ഇന്റലിജന്‍സ് പ്രിവ. ഓഫിസര്‍ ടി ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, പി സുഭാഷ്, ഓഫിസര്‍ ഏഞ്ചലിന്‍ ചാക്കോ, പ്രദീപ് കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു
Next Story

RELATED STORIES

Share it