thrissur local

മന്ത്രി ഇടപെട്ടു : ആറു മാസമായി മുടങ്ങിയ ദിവാന്‍ജിമൂല മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു



തൃശൂര്‍: മന്ത്രി സുനില്‍കുമാറിന്റെ ഇടപെടലിനേത്തുടര്‍ന്ന് ആറ് മാസത്തിലേറെയായി മുടങ്ങി കിടന്നിരുന്ന ദിവാന്‍ജിമൂല റെയില്‍വേ മേല്‍പ്പാല നിര്‍മാണം ഇന്നലെ പുനരാരംഭിച്ചു. സ്ഥലത്തെ രണ്ട് വൈദ്യുതി ടവറുകള്‍ നീക്കം ചെയ്യുന്നതു വൈകിയതായിരുന്നു പാലം നിര്‍മാണ സ്തംഭനത്തിന് കാരണം. ടവര്‍ മാറ്റ നടപടികള്‍ ഇന്നലെ തുടങ്ങി. ഒരാഴ്ച്ചയ്ക്കകം പണി തീരും. അതുവരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പാലം നിര്‍മാണത്തിന് 6.3 കോടി രൂപ മൂന്ന് വര്‍ഷം മുമ്പ് കോര്‍പറേഷന്‍ റെയില്‍വേക്ക് നല്‍കിയതായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പാലം പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. ആറ് മാസം പണി സ്തംഭിച്ചിട്ടും കോര്‍പറേഷനില്‍ നിന്ന് കാര്യമായി ഇടപെടലുകളുണ്ടായില്ല. മേയ് 13ന് റെയില്‍വേ സ്റ്റേഷനില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ തൃശൂര്‍ എംഎല്‍എകൂടിയായ മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ ശക്തമായ ഇടപെടലാണ് പണി പുനരാരംഭിക്കാന്‍ വഴിയൊരുക്കിയത്. ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉള്‍പ്പെടെ റെയില്‍വേ ഉദ്യോഗസ്ഥരുമായി മന്ത്രി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മേയര്‍ അജിത ജയരാജന്റെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. വൈദ്യുതി ടവര്‍ മാറ്റത്തിന് ട്രെയിന്‍ ഗതാഗത നിയന്ത്രണം കൂടി ആവശ്യമായതിനാല്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി കൂടി വേണമെന്നും അതാണ് വൈകുന്നതെന്നും ഡിവിഷ്ണല്‍ മാനേജര്‍ വ്യക്തമാക്കി. അനുമതി നേടി ഉടന്‍ പണി പുനരാരംഭിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി തൃശൂരിനുവേണ്ടി ശക്തിയായ മേല്‍പ്പാല നിര്‍മാണാവശ്യം ഉന്നയിച്ചു. എംപി സി എന്‍ ജയദേവനും മേല്‍പ്പാലം നിര്‍മാണം വൈകുന്നതില്‍ അസംതൃപ്തി രേഖപ്പെടുത്തി. മേല്‍പ്പാല നിര്‍മാണ പ്രശ്‌നത്തില്‍ ആദ്യമായാണ് ശക്തമായ ജനകീയാഭിപ്രായം പൊതുവേദിയില്‍ ഉന്നയിക്കപ്പെട്ടത്. പത്തു ദിവസത്തിനകം ഫലവും കണ്ടു. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജറും ഡിവിഷ്ണല്‍ മാനേജരും പലതവണ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ആവശ്യം ഉന്നയിക്കാന്‍ കോര്‍പറേഷന്‍ നേതൃത്വം തയ്യാറാകാതിരുന്നതായിരുന്നു അടിസ്ഥാന പ്രശ്‌നം. ടവര്‍ മാറ്റി വെച്ചാല്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ച പാലം കോണ്‍ക്രീറ്റിങ് നടത്തി രണ്ട് മാസം കൊണ്ട് പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കുമെന്നും പാലം നോക്കുകുത്തിയാകില്ലെന്നും കോര്‍പറേഷന്‍ ഭരണ നേതൃത്വം പ്രഖ്യാപിക്കുമ്പോഴും അപ്രോച്ച് റോഡ് നിര്‍മാണത്തിന് പ്രാഥമിക നടപടികള്‍ പോലും ഇനിയും തുടങ്ങിയിട്ടില്ലെന്നതാണ് വസ്തുത.
Next Story

RELATED STORIES

Share it