thrissur local

മനക്കരുത്ത് കൈക്കരുത്തായി; കിണര്‍കുഴിച്ച് ഒമ്പതംഗ വനിതാസംഘം

മാള: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി കിണര്‍ കുഴിച്ച് വനിതകള്‍ മാതൃകയായി. പുത്തന്‍ചിറ കൊമ്പത്തു കടവ് വാര്‍ഡ് 11 ആനപ്പാറയിലെ കുടുംബശ്രീ അംഗങ്ങളായ ആനപ്പാറ തെക്കുംമുറി സ്വദേശികളായ റോസി സേവ്യര്‍, ഷീലാവതി ,പ്രമീള, രഞ്ജിനി, ആനന്ദവല്ലി, റംല, രമ, സുനിത, മാതു എന്നിവരാണ് കിണര്‍ കുഴിച്ച് തങ്ങളുടെ കരുത്ത് തെളിയിച്ചത്. ആനപ്പാറ വേല പറമ്പില്‍ ബാബുവിന്റെ ഒമ്പത് സെന്റ് ഭൂമിയിലാണ് കിണര്‍ കുഴിച്ചത്. നിര്‍ധനനായ ബാബുവിന് വീട് നിര്‍മിക്കുന്നതിന് ബ്‌ളോക്ക് പഞ്ചായത്ത് സഹായം നല്‍കിയിരുന്നു.
കുടിവെള്ളത്തിന് വീട്ടുമുറ്റത്ത് കിണര്‍ കുഴിക്കാന്‍ പുത്തന്‍ചിറ പഞ്ചായത്തില്‍ ബാബു അപേക്ഷ നല്‍കി. പഞ്ചായത്ത് സഹായം നല്‍കി കിണര്‍ കുഴിക്കല്‍ സാധ്യമല്ലന്നറിഞ്ഞ പഞ്ചായത്തംഗമാണ് കുടുംബശ്രീ വനിതകള്‍ക്ക് മുമ്പില്‍ വിഷയം അവതരിപ്പിച്ചത്. ആനപ്പാറയിലെ ഈ വാര്‍ഡില്‍ നിരവധി വീട്ടുകാര്‍ തിങ്ങിപാര്‍ക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഇവര്‍ക്ക് ഏക ആശ്രയം. ഉറപ്പുള്ള മണ്ണും മട്ടിക്കല്ലുകളും നിറഞ്ഞ ഇവിടെ കിണര്‍ കുഴിക്കുക ശ്രമകരമാണ്. കുടിവെള്ളം ലഭിക്കുക ദുഷ്‌കരമാവും. എങ്കിലും ഒരു കൈ നോക്കാന്‍ തന്നെ വനിതകള്‍ ഉറപ്പിച്ചു .
പഞ്ചായത്തംഗം വാസന്തി സുബ്രഹ്മണ്യന്‍ പച്ചക്കൊടി വീശീയതോടെ ഒമ്പതു വനിതകള്‍ മണ്ണിനോട് മല്ലടിച്ചു. ഇവരുടെ പ്രവൃത്തിയെ പലരും പരിഹസിച്ചുവെങ്കിലും പിന്‍തിരിയാന്‍ ഇവര്‍ തയാറായിരുന്നില്ല.കുഴിയുടെ ആഴം വര്‍ധിക്കും തോറും ഭീതിക്കു പകരം ആവേശമായിരുന്നു ഇവര്‍ക്ക്. രണ്ട് പേര്‍ കുഴിക്കും.
രണ്ടു പേര്‍ മണ്ണ് കോരിനിറക്കും. മറ്റുള്ളവര്‍ വലിച്ചു കയറ്റും. ദിവസങ്ങള്‍ നീണ്ട കുഴിക്കല്‍ 17 അടി എത്തിയതോടെ നിര്‍ത്തി. മണ്ണിനടിയില്‍ കൂറ്റന്‍ പാറകണ്ടതാണ് കാരണം.
പാറ പൊട്ടിച്ചാല്‍ വെള്ളം കാണുമെന്ന് അഭിപ്രായം വന്നു. കരിങ്കല്‍ വെടിവച്ച് പൊട്ടിക്കാനായി അടുത്ത ശ്രമം. ഇതിന് സുരേഷ് എന്ന വിദഗ്ധനായ ഒരാളുടെ സഹായം തേടി. രണ്ട് ഡസന്‍ വെടി പൊട്ടിച്ചു. കരിങ്കല്‍ ചീളുകള്‍ വനിതകള്‍ തന്നെ കരക്ക് കയറ്റി. അവസാനത്തെ ചീളുകള്‍ പെറുക്കി കരക്ക് കയറിയ പെണ്ണുങ്ങള്‍ കിണറില്‍ ഊറിയെത്തിയ വെള്ളംകണ്ട് സന്തോഷിച്ചു. പിന്നെ അതൊരു ആര്‍പ്പുവിളിയായി. ആനപ്പാറ ഗ്രാമത്തിന്റെ ഉല്‍സവമായി മാറി.
Next Story

RELATED STORIES

Share it