kozhikode local

മധ്യവേനലില്‍ ക്ലാസ് നടത്തിയാല്‍ കര്‍ശന നടപടി



കോഴിക്കോട്: സിബിഎസ്‌സി, ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, എല്‍പി, യുപി, ഹൈസ്‌കൂളുകളും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലാകമാനം കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാനധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കും. മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയതു മൂലം ക്ലാസില്‍വെച്ചോ വഴിയാത്രക്കിടയിലോ കുട്ടികള്‍ക്ക് വേനല്‍ച്ചൂട് മൂലം സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് ക്ലാസുകള്‍ നടത്തുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാനധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ വ്യക്തിപരമായിത്തന്നെ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. ഉത്തരവിലെ നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതുമാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.കെ.ഇ.ആര്‍ ഏഴാം അധ്യായം ഒന്നാം ചട്ടപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മറ്റുതരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാത്ത പക്ഷം സ്‌കൂളുകള്‍ മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ അടച്ച് ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ തുറക്കേണ്ടതാണ്. അതത് അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്നുമുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മധ്യവേനലവധിക്കാലത്ത് സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അത് നിരോധിച്ചുകൊണ്ട് മുന്‍വര്‍ഷങ്ങളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നിലനില്‍ക്കേ ഈ വര്‍ഷവും ചില സ്‌കൂളുകളില്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചയുടന്‍ ക്ലാസുകള്‍ നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും മധ്യവേനലവധിക്കാലത്ത്  കേരളത്തിലെ ഒരു സ്‌കൂളുകളിലും ക്ലാസുകള്‍ നടക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it