മധ്യപ്രദേശില്‍ അശാന്തി പരത്തി പശുരക്ഷക സംഘം

ഭോപാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ വിദ്വേഷവും അശാന്തിയും പരത്തി പുതിയ സംഘം. ഗോരക്ഷാ കമാന്‍ഡോ ഫോഴ്‌സ് (ജിസിഎഫ്) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലേക്ക് ഹൈന്ദവ യുവാക്കള്‍ വ്യാപകമായി ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍.
ദിവസങ്ങള്‍ക്കു മുമ്പ് മാട്ടിറച്ചി കൈയിലുണ്ടെന്നാരോപിച്ച് യാത്രക്കാരായ മുസ്‌ലിം ദമ്പതികളെ ഖിര്‍ക്കിയ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇവര്‍ ആക്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ ചിലരെ പോലിസ് പിടികൂടി. കസ്റ്റഡിയില്‍ തങ്ങളുടെ ആളുകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഹിന്ദു ഏകതാ മഞ്ച് ബന്ദാചരിച്ചിരുന്നു.
ഗോരക്ഷാ കമാന്‍ഡോ ഫോഴ്‌സില്‍ കൂടുതലും തൊഴില്‍ രഹിതരായ യുവാക്കളാണെന്ന് പോലിസ് പറഞ്ഞു. സംഘടനാ പ്രവര്‍ത്തകര്‍ക്ക് പശുരക്ഷകന്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. പശു അറുക്കപ്പെടാത്ത ഇന്ത്യ, ഹിന്ദുമത സംരക്ഷണം എന്നിവയാണ് ദൗത്യമെന്നു സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. പോലിസ് പശുക്കളെ സംരക്ഷിക്കുന്നില്ലെന്നും പശു അറുക്കല്‍ തടയല്‍ നിയമം പ്രാവര്‍ത്തികമാക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഗോരക്ഷാ സമിതികള്‍ സംസ്ഥാനത്തുടനീളമുണ്ടെങ്കിലും ഹാര്‍ദ ജില്ലയിലാണ് ജിസിഎഫ് കാര്യമായും പ്രവര്‍ത്തിക്കുന്നത്. ദേശീയ പാതയിലൂടെ പോവുന്ന ലോറികളും മറ്റും തടഞ്ഞ് സമിതി പ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധനയില്‍ പോലിസ് ഇടപെടാറില്ല.
സര്‍ക്കാര്‍ അനുമതിയോടെ കന്നുകാലി കച്ചവടം ചെയ്യുന്നവരുടെ വാഹനങ്ങള്‍ പോലും തടഞ്ഞ് മര്‍ദ്ദിക്കുകയും പണം വാങ്ങുകയും ചെയ്യുന്നത് പതിവാണെന്നും പരാതി നല്‍കിയിട്ടു ഫലമില്ലെന്നും വ്യാപാരികള്‍ പറയുന്നു. സമീപകാലത്ത് മധ്യപ്രദേശിലുണ്ടായ മിക്ക വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും പശുവുമായി ബന്ധപ്പെട്ടതാണെന്ന് പോലിസും സമ്മതിക്കുന്നുണ്ട്.
2003ല്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് സംസ്ഥാനത്ത് ഗോരക്ഷാ സമിതികള്‍ രൂപീകരിക്കപ്പെട്ടത്. ഉമാ ഭാരതി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഗോസംരക്ഷണം പ്രധാന അജണ്ടയാവുകയും ഗോവധം തടയല്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നിയമം പാസ്സാക്കി വര്‍ഷങ്ങള്‍ക്കു ശേഷം ചില ഭേദഗതികള്‍ വരുത്തി കൂടുതല്‍ ശക്തമാക്കി. 2011നും 15നുമിടക്ക് ഈ നിയമപ്രകാരം 12000 പേരെയാണ് അറസ്റ്റ് ചെയ്തത്. 1500ലധികം പേരെ ശിക്ഷിച്ചു. പീഡനം മൂലം പോലിസ് സ്‌റ്റേഷനില്‍ നിന്നു തന്നെ പണം നല്‍കി തീര്‍പ്പാക്കുന്ന കേസുകളും നിരവധിയാണ്.
Next Story

RELATED STORIES

Share it