Flash News

മധ്യപ്രദേശിലെ കര്‍ഷകസമരം : കര്‍ഷകരെ ദുരിതത്തിലാക്കിയത് നോട്ടുനിരോധനമെന്ന് റിപോര്‍ട്ട്



ന്യൂഡല്‍ഹി: അഞ്ചു കര്‍ഷകര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മാന്‍സോറില്‍ കര്‍ഷകര്‍ സമരത്തിനിറങ്ങേണ്ട സാഹചര്യമുണ്ടാക്കിയത് നോട്ടുനിരോധനമെന്ന് റിപോര്‍ട്ട്. നോട്ടുനിരോധനം കാര്‍ഷികമേഖലയെ തകര്‍ത്തതോടെയാണ് കര്‍ഷകര്‍ക്ക് വലിയതോതില്‍ നഷ്ടമുണ്ടായതെന്ന് മാന്‍സോറിലെ കര്‍ഷകരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്. ഉല്‍പന്നങ്ങള്‍ അപ്പപ്പോള്‍ ചന്തയില്‍ കൊണ്ടുപോയി വി ല്‍ക്കുകയും പണം വാങ്ങുകയുമായിരുന്നു കര്‍ഷകര്‍ പിന്തുടര്‍ന്നുവന്നിരുന്ന രീതി. നോട്ടുനിരോധനത്തോടെ ഇവര്‍ക്ക് പണം ലഭിക്കാതായി. ഇതോടെ കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള പരസ്പരവിശ്വാസം നഷ്ടപ്പെട്ടതായി പിപ്‌ലിയ ചന്തയിലെ കച്ചവടക്കാരന്‍ സുനില്‍ ഗഡായിയയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. നോട്ടുനിരോധനം വന്നതോടെ കര്‍ഷകര്‍ക്ക് വ്യാപാരികള്‍ പണം കൊടുക്കാതെയായി. പലരും ചെക്കാണ് നല്‍കുക. ഈ സാഹചര്യം മുതലെടുത്ത് പല കച്ചവടക്കാരും തങ്ങളെ മുതലെടുക്കാന്‍ തുടങ്ങിയെന്ന് കൊല്ലപ്പെട്ട അഭിഷേകിന്റെ പിതാവ് ദിനേഷ് പടിതാര്‍ പറയുന്നു. ചെക്ക് പണമായി വരാന്‍ 20 ദിവസമെടുക്കും. വന്നാലും തങ്ങള്‍ക്കു തരാന്‍ ബാങ്കുകളുടെ പക്കല്‍ പണമുണ്ടായിരുന്നില്ല. പണം ലഭിക്കാന്‍ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങളുടെ വില കുറയ്‌ക്കേണ്ടിവന്നു. 100 രൂപയ്ക്ക് സാധനം വിറ്റാല്‍ അതില്‍ നിന്ന് രണ്ടു രൂപ കച്ചവടക്കാര്‍ പണം നല്‍കുന്നതിന് കമ്മീഷനായി കൈപ്പറ്റി- ദിനേഷ് പടിതാര്‍ പറയുന്നു. പല കര്‍ഷകരെയും കടക്കാരാക്കുന്നതിലേക്കാണ് ഇതു നയിച്ചതെന്ന് ലക്ഷ്മി നാരായണ്‍ വിശ്വകര്‍മ പറയുന്നു. ഓരോ വിളവെടുപ്പു കഴിഞ്ഞാലും കര്‍ഷകര്‍ അവരുടെ വിളവ് വിറ്റഴിക്കാന്‍ ധൃതികാട്ടും. എന്നാലേ ലോണ്‍ തിരിച്ചടയ്ക്കാന്‍ പറ്റൂ. വായ്പ തരുന്നവര്‍ മാസത്തില്‍ രണ്ടു ശതമാനം, അല്ലെങ്കില്‍ വര്‍ഷത്തില്‍ 24 ശതമാനം എന്നിങ്ങനെയാണു പലിശ ഈടാക്കുന്നത്. ഇതോടെ പലര്‍ക്കും പെട്ടെന്ന് പണം തിരിച്ചടയ്ക്കാ ന്‍ പറ്റാതായി. അങ്ങനെ ദിനേഷ് പടിതാറെപ്പോലുള്ളവര്‍ക്ക് കടം വീട്ടാന്‍ ഭൂമി വില്‍ക്കേണ്ടിവന്നു. എന്നാല്‍, ഭൂമിയുടെ വില പകുതിയായി കുറഞ്ഞു. അതുകൊണ്ടുതന്നെ വന്‍ നഷ്ടത്തിലാണു വില്‍ക്കേണ്ടിവന്നതെന്ന് വിശ്വകര്‍മ പറയുന്നു. വ്യാപാരികളും നോട്ടുനിരോധനം തങ്ങളെ തകര്‍ത്തതായി പറയുന്നു. കര്‍ഷകര്‍ക്ക് പണം വേണം. പണം നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. നേരത്തേ മാര്‍ക്കറ്റില്‍ ചിട്ടിയുണ്ടായിരുന്നു. അതെല്ലാം ഇല്ലാതായി. പണം കൊടുക്കാന്‍ കഴിയാതെയായി. ചെക്കുകളില്‍ പലതും അക്ഷരത്തെറ്റുമൂലം നിരസിച്ചപ്പോള്‍ കര്‍ഷകര്‍ കരുതിയത് തങ്ങള്‍ ചതിച്ചെന്നാണ്. സാധനവില കുറഞ്ഞത് തങ്ങളെയും ബാധിച്ചെന്ന് സുനില്‍ ഗഡായിയ പറഞ്ഞു.
Next Story

RELATED STORIES

Share it