മധുവിന്റെ കൊല നഷ്ടപ്പെടുന്ന സാംസ്‌കാരിക സമ്പന്നതയുടെ ഉദാഹരണം: മുഖ്യമന്ത്രി

കൊച്ചി: ആള്‍ക്കൂട്ട ആക്രമണത്തില്‍പ്പെട്ട് ആദിവാസി യുവാവ് മധു മരിച്ച സംഭവം നഷ്ടപ്പെട്ടുതുടങ്ങുന്ന സാംസ്‌കാരിക സമ്പന്നതയുടെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹജീവികളോടുള്ള കരുതലാണ് സംസ്‌കാരത്തിന്റെ അടിത്തറയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കൃതി രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ ഒന്നാംപതിപ്പ് എറണാകുളം മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുനേരത്തെ വിശപ്പകറ്റാന്‍ ഭക്ഷണം തേടിയ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയവര്‍ ജീവിക്കുന്ന സമൂഹം എങ്ങനെ സാംസ്‌കാരിക സമ്പന്നമെന്നു വിശേഷിപ്പിക്കും. ഒപ്പമുള്ളവരോടുള്ള കരുതലും സ്‌നേഹവുമാണ് സംസ്‌കാരത്തിന്റെ അടിത്തറ. ഇതു തകര്‍ന്നാല്‍ പ്രബുദ്ധതയുടെ നാശം ആരംഭിക്കും.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സ്വന്തം കല്‍പനകള്‍ക്കായി ഉപയോഗിക്കണമെന്നു വാശിപിടിക്കുന്ന ഒരു സമൂഹം ഇന്നും ഇവിടെ ജീവിക്കുന്നു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതു പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ദുരനുഭവങ്ങള്‍ക്കാണ് ഇന്നു സാക്ഷ്യംവഹിക്കുന്നത്.
വിയോജനാഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഞെരിച്ചമര്‍ത്തുന്നതും തുടരെത്തുടരെ ആക്രമിക്കുന്നതും ആവര്‍ത്തിക്കുന്നു. സ്വതന്ത്ര കലാരചന നടത്തിയ എം എഫ് ഹുസയ്‌നെ നാടുകടത്തിയ സംഭവങ്ങളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലെ അപകടം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.
ആധുനിക സാങ്കേതികവിദ്യ വെല്ലുവിളിയും സാധ്യതകളും ഉയര്‍ത്തുമ്പോള്‍ അവ ഏറ്റെടുക്കാനും പ്രയോജനപ്പെടുത്താനും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് കഴിയണമെന്നും നല്ല രീതിയിലുള്ള വിഭവസമാഹരണം നടത്തി സ്വയംപര്യാപ്തത ആര്‍ജിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബുക്ക് കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം വ്യവസായി എം എ യൂസുഫലിയില്‍ നിന്നു ചെക്ക് സ്വീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച ചരിത്രരശ്മികള്‍ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ആദ്യപ്രതി ഏറ്റുവാങ്ങി മുഖ്യമന്ത്രി നിര്‍വഹിച്ചു.
പുസ്തകമേള ഗൈഡ് പ്രഫ. കെ വി തോമസ് എംപി പ്രകാശനം ചെയ്തു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന ഇഎംഎസിന്റെ നിയമസഭാ പ്രഭാഷണങ്ങള്‍ ആദ്യ വാള്യത്തിന്റെ പ്രകാശനം എം എ ബേബി നിര്‍വഹിച്ചു. പ്രഫ. എം കെ സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തി.
മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി പി വേണുഗോപാല്‍, പത്രാധിപന്‍മാരായ ഫിലിപ്പ് മാത്യു, എം പി വീരേന്ദ്രകുമാര്‍, കൃതി ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍ കരുണ്‍, വൈശാഖന്‍, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ എസ് രമേശന്‍, സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍. ഡോ. ഡി സജിത്ത് ബാബു സംസാരിച്ചു.
ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ മലയാളം, സയന്‍സ് ടെക്‌നോളജി അക്കാദമിക്, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗത്തിലായി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 80ഓളം പ്രസാധകര്‍ നേരിട്ടെത്തുന്ന പുസ്തകമേളയ്ക്കാണ് കൊച്ചി സാക്ഷ്യംവഹിക്കുന്നത്.
തേജസ് പബ്ലിക്കേഷന്‍ ഉള്‍പ്പെടെ കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it