മധുവിന്റെ കൊലപാതകം: പ്രതികള്‍ക്കെതിരേ 19 വകുപ്പുകള്‍ ചുമത്തി കുറ്റപത്രം

മണ്ണാര്‍ക്കാട്: ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ പ്രതികള്‍ക്കെതിരേ 19 വകുപ്പുകള്‍ ചുമത്തി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച പോലിസ് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടുള്ള കുറ്റപത്രമാണു സമര്‍പ്പിച്ചത്. 87ാമത്തെ ദിവസമാണു കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, സംഘംചേര്‍ന്ന് മര്‍ദിക്കല്‍, തട്ടിക്കൊണ്ടു പോവല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍, കൈ കൊണ്ട് അടിക്കല്‍, പ്രകോപനമില്ലാതെ ഒരാള്‍ക്കെതിരേ കുറ്റകരമായ ബലപ്രയോഗം, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. 302, 143, 147, 148, 323, 324,352, 364, 367, 368, പട്ടികജാതി വര്‍ഗ ആക്റ്റിലെ വിവിധ വകുപ്പുകളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പാക്കുളം മേച്ചേരില്‍ ഹുസയ്ന്‍ (50), മുക്കാലി സ്വദേശികളായ കിളയില്‍ മരയ്ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന്‍ (34), കക്കുപ്പടി കല്‍ക്കണ്ടി കുന്നത്തുവീട് അനീഷ് (30), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), മുക്കാലി പടിഞ്ഞാറെപള്ള കുരിക്കള്‍ സിദ്ദീഖ് (38), മുക്കാലിതൊട്ടിയില്‍ ഉബൈദ് (25), മുക്കാലി വിരുത്തിയില്‍ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (44), മുക്കാലി ചോലയില്‍ അബ്ദുല്‍കരീം (48), മുക്കാലി പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുക്കാലി മുരിക്കട സതീഷ് (39), മുക്കാലി ചെരുവില്‍ ഹരീഷ് (34), മുക്കാലി ചെരുവില്‍ ബിജു (41), മുക്കാലി തിരുത്തിയില്‍ മുനീര്‍ (28) എന്നിവരാണു പ്രതികള്‍.
മൂന്നു സിസി ടിവി ദൃശ്യങ്ങളാണു കേസിലെ പ്രധാന വഴിത്തിരിവുകള്‍. ഇതില്‍ മധുവിനെ കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടു വരുമ്പോള്‍ ഭവാനി റേഞ്ചിലെ മുക്കാലി കവലയിലെ കടകളിലെ സിസി ടിവി ദൃശ്യങ്ങളില്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മൂന്നു സിസി ടിവി, അഞ്ച് മൊബൈല്‍ ഫോണ്‍,  ജീപ്പ്, രണ്ട് ബൈക്ക്, രണ്ട് ഓട്ടോറിക്ഷ എന്നിവ കണ്ടെടുത്തിരുന്നു. 165 സാക്ഷികളുടെ മൊഴിയെടുത്തു. കുറച്ചു പേരുടെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താനുണ്ട്. അറസ്റ്റിലായ എല്ലാ പ്രതികള്‍ക്ക് എതിരേയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it