മദ്‌റസാ വിദ്യാര്‍ഥിയുടെ കൊലപാതകം: നാലു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ടു വയസ്സുകാരനായ മദ്‌റസാ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പരിസരവാസികളായ നാലു കുട്ടികളെ ഡല്‍ഹി പോലിസ് അറസ്റ്റു ചെയ്തു. 10നും 12നുമിടയില്‍ പ്രായമുള്ള കുട്ടികളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഡല്‍ഹി മാളവ്യ നഗറിലെ ബീഗംപൂര്‍ ജാമിഅ ഫരീദിയ മദ്‌റസയിലെ വിദ്യാര്‍ഥി മുഹമ്മദ് അസീമിനെയാണ് കളിസ്ഥലത്തെത്തിയ അക്രമികള്‍ അടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തിയത്.
അക്രമികളായ രണ്ടു പേരെ അധ്യാപകര്‍ ചേര്‍ന്ന് പിടിച്ചെങ്കിലും കുട്ടികളുടെ മാതാവ് വന്ന് ബലമായി തിരികെ കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹി പോലിസ് പക്ഷപാതപരമായി പെരുമാറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിച്ച പോലിസ് നടപടിയില്‍ പ്രതിഷേധം ശക്തമായതോടെയാണ് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായത്. ഡല്‍ഹി പോലിസ് ശരിയായ രീതിയിലല്ല എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും എഫ്‌ഐആറില്‍ പ്രതികളുടെ പേരുകള്‍ ചേര്‍ത്തിട്ടില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മദ്‌റസയുടെ ഉടമസ്ഥതയിലുള്ള കളിസ്ഥലത്ത് കളിക്കുന്ന കുട്ടികള്‍ക്കു നേരെ പുറത്തുനിന്നെത്തിയ മുതിര്‍ന്ന കുട്ടികള്‍ കല്ലെറിയുകയായിരുന്നു. പിന്നീട് പടക്കം പൊട്ടിച്ച് വിദ്യാര്‍ഥികള്‍ക്കു നേരെ എറിഞ്ഞു. അക്രമിസംഘം കൂട്ടം ചേര്‍ന്ന് ആക്രമിച്ചാണ് മുഹമ്മദ് അസീമിനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമികളില്‍ ഒരാള്‍ വടിയെടുത്ത് അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീണു.
തുടര്‍ന്ന് അസീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ പ്രദേശത്ത് മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു നേരെ നിരന്തരം ആക്രമണം ഉണ്ടാകാറുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് പോലിസില്‍ പരാതിപ്പെട്ടിട്ടും പോലിസ് ഇതുവരെയും ഒരു നടപടിയെടുത്തില്ലെന്നും ഇതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നും സ്ഥാപനത്തിലെ ജീവനക്കാര്‍ പറഞ്ഞു.
മൃതദേഹം അസീം പഠിച്ച ഡല്‍ഹിയിലെ ബീഗംപൂരിലെ മദ്‌റസയില്‍ കൊണ്ടുപോകാന്‍ ഡല്‍ഹി പോലിസ് അനുവദിച്ചില്ല. മൃതദേഹം ബീഗംപൂരിലേക്ക് കൊണ്ടുപോയാല്‍ സംഘര്‍ഷമുണ്ടാകുമെന്ന് പറഞ്ഞാണ് പോലിസ് അനുമതി നിഷേധിച്ചത്. മൃതദേഹം ഡല്‍ഹി പോലിസ് നേരിട്ട് ഏറ്റെടുത്ത് ഹരിയാനയിലെ മേവാത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. മൃതദേഹം മദ്‌റസയില്‍ കൊണ്ടുപോയി മയ്യിത്ത് നമസ്‌കരിച്ച് ശേഷം അസീമിന്റെ സ്വദേശമായ മേവാത്തിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണ് പോലിസ് തടഞ്ഞത്.

Next Story

RELATED STORIES

Share it