മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം/കൊച്ചി:  സംസ്ഥാനത്തെ മദ്‌റസാ അധ്യാപകര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കേരള മദ്‌റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച ബില്ലിന്റെ കരട് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പെടെയുള്ള അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളിലെ ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കും വേണ്ടി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനാണ് പുതിയ നിയമനിര്‍മാണം. കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ മെട്രോ റെയില്‍ പോളിസിയില്‍ മെട്രോ പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളില്‍ യൂനിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (യുഎംടിഎ) രൂപീകരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതു കണക്കിലെടുത്താണ് ബില്ല് കൊണ്ടുവരുന്നത്.അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചുകഴിഞ്ഞാല്‍ ബില്ലിന് നിയമസാധുത ലഭിക്കും. കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്ല് യാഥാര്‍ഥ്യമാകുന്നതോടെ നഗരഗതാഗതത്തെ നിയന്ത്രിക്കുന്ന ഇരുപതോളം വകുപ്പുകള്‍ ഒരു കുടക്കീഴിലാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കും. ഇതിന്റെ ഫലമായി നഗരത്തിന്റെ ഗതാഗത പ്രശ്‌നപരിഹാര തീരുമാനങ്ങള്‍ നഗരത്തില്‍ തന്നെ എടുക്കാന്‍ കഴിയും. എല്ലാ പൊതുഗതാഗത സംവിധാനവും മെച്ചപ്പെടുകയും പരസ്പരപൂരകമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്ന രീതിയില്‍ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളെ മാറ്റിയെടുക്കാന്‍ ഇതു സഹായിക്കും. കൊച്ചി മെട്രോ റെയിലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച സമഗ്ര ഗതാഗതപദ്ധതിക്ക് ഈ ബില്ല് ഏറെ സഹായകമാകും. പൊതുജനങ്ങള്‍ക്ക് ഒറ്റ ടിക്കറ്റില്‍ യാതൊരു തടസ്സവുമില്ലാതെ സുഗമമായി പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ഉറപ്പുവരുത്തുക, യാത്രികന്റെ ആവശ്യം കണ്ടറിഞ്ഞ് പൊതുഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുക, ആസൂത്രിതമായ ഗതാഗത പദ്ധതികള്‍ നഗരത്തിനായി രൂപീകരിക്കുക എന്നിവയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ചുമതലകളില്‍ പെടുന്നു. നഗരഗതാഗതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും ആവശ്യമായ ശുപാര്‍ശകള്‍ ചെയ്യുന്നതിനും ഈ അതോറിറ്റിക്ക് അധികാരം ഉണ്ടാവും.
Next Story

RELATED STORIES

Share it