Flash News

മദ്യനയത്തിനെതിരേ പ്രതിഷേധം ശക്തം



കേരള ജനതയെ മദ്യത്തില്‍ മുക്കിക്കൊല്ലും: കോണ്‍ഗ്രസ്

തിരുവനന്തപുരം: ഇടതു മുന്നണി യോഗം അംഗീകരിച്ച പുതിയ മദ്യനയം കേരള ജനതയെ വീണ്ടും മദ്യത്തില്‍ മുക്കിക്കൊല്ലുന്നതിനു വേണ്ടിയുള്ളതാണെന്നും ഇതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ബാറുകള്‍ തുറന്നുകൊണ്ടുള്ള പുതിയ മദ്യനയത്തിനു പിന്നില്‍ വ്യാപകമായ അഴിമതിയുണ്ടെന്നും ഹസന്‍ ആരോപിച്ചു. വലിയ പ്രത്യാഘാതം ഉണ്ടാക്കുന്ന ജനദ്രോഹ തീരുമാനമാണിത്. മദ്യലഭ്യത കുറച്ച് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കാനുള്ള മദ്യനയമാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് അട്ടിമറിച്ച് പുതിയ മദ്യനയം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പുകാലത്ത് മദ്യമുതലാളിമാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കലാണ്. മദ്യലോബിയുമായുള്ള എല്‍ഡിഎഫിന്റെ അവിശുദ്ധ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന ഈ തീരുമാനത്തിനെതിരേ ശക്തമായ ജനകീയ പ്രക്ഷോഭത്തിനു കോണ്‍ഗ്രസ് തയ്യാറാവുമെന്നും എം എം ഹസന്‍ മുന്നറിയിപ്പു നല്‍കി.

പുറത്തായത് അവിശുദ്ധ കൂട്ടുകെട്ട്: ലീഗ്

മലപ്പുറം: കേരള സര്‍ക്കാരിന്റെ മദ്യനയത്തിന് ഇടതു മുന്നണിയില്‍ അംഗീകാരം ലഭിച്ചതോടെ ഇടതു മുന്നണി സര്‍ക്കാരിന്റെയും മദ്യലോബികളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തായതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇടതു മുന്നണിയെന്ന് തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ ഒരു പ്രമുഖ നടിയെക്കൊണ്ട് പരസ്യം ചെയ്യിച്ച് അത് ടെലിവിഷന്‍ ചാനലുകളിലൂടെ പ്രക്ഷേപണം ചെയ്തിരുന്നു. അത്തരം തിരഞ്ഞെടുപ്പു പരസ്യങ്ങളില്‍ ആകൃഷ്ടരായി ഇടതു മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങളോടുള്ള വഞ്ചനയാണ് സര്‍ക്കാര്‍ മദ്യനയത്തിലൂടെ ചെയ്തിരിക്കുന്നത്. വിദേശികള്‍ കേരളത്തിലേക്ക് വരുന്നത് വെറും മദ്യം കഴിക്കാന്‍ മാത്രമാണെന്നു തോന്നിപ്പോകും വിധമാണ് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ കള്ളുവിതരണത്തിനുള്ള നടപടിയിലൂടെ വ്യക്തമാകുന്നത്-  മജീദ് പറഞ്ഞു.

യുഡിഎഫ് മദ്യനയം പരാജയമായിരുന്നു: വൈക്കം വിശ്വന്‍

തിരുവനന്തപുരം: മദ്യവര്‍ജനത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള മദ്യനയം നടപ്പാക്കുന്നതിനു നിലവിലുള്ളതിനേക്കാള്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്നു മുന്നണി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് മദ്യനയം സമ്പൂര്‍ണ പരാജയമാണ്. മദ്യനിരോധനം ലോകത്തൊരിടത്തും പ്രയോഗത്തില്‍ വന്നിട്ടില്ലെന്നു വൈക്കം വിശ്വന്‍ പറഞ്ഞു.

കേരളത്തെ മദ്യാലയമാക്കുന്ന നയമെന്ന് എസ് ഡിപിഐ

കോഴിക്കോട്: മദ്യം സുലഭമായി ലഭിക്കാന്‍ ഇടയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അത്യന്തം ഖേദകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ സിപിഎം മദ്യമുതലാളിമാരുമായി രഹസ്യ ധാരണയും ഇടപാടും ഉണ്ടായിരുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന നീക്കങ്ങളാണ് പിണറായി സര്‍ക്കാരില്‍ നിന്ന് ഉണ്ടായത്. മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന പിന്‍വലിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയതും യുഡിഎഫിന്റെ മദ്യനയം പരാജയമാണെന്ന് എക്‌സൈസ് വകുപ്പും മന്ത്രിമാരും ഇടക്കിടെ പ്രസ്താവിച്ചിരുന്നതും പുതിയ മദ്യനയത്തിനു പശ്ചാത്തലമൊരുക്കാനായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. കേരളത്തെ മദ്യാലയമാക്കി മാറ്റുന്ന സര്‍ക്കാര്‍നയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും മജീദ് ഫൈസി പറഞ്ഞു.

സര്‍ക്കാരിനെ സുഖമായി ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കെസിബിസി

കൊച്ചി: മദ്യലോബികള്‍ക്ക് അനുകൂലമായ തരത്തില്‍ രൂപീകരിച്ചിരിക്കുന്ന മദ്യനയത്തിലൂടെ സര്‍ക്കാര്‍ വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്നും നിലപാട് തിരുത്തിയില്ലെങ്കില്‍ സ്വസ്ഥമായി ഉറങ്ങാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂെസപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരില്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുകയാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെ എതിര്‍ത്തുതോല്‍പിക്കുമെന്നും ബിഷപ് സൂെസപാക്യം പറഞ്ഞു. മദ്യത്തിനെതിരേ പ്രവര്‍ത്തിക്കുന്ന തന്നെ വീഞ്ഞിന്റെ പേരില്‍ താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൂസെപാക്യം പറഞ്ഞു.

വെല്ലുവിളിയെന്ന് കെ എം മാണി

കോട്ടയം: പൂട്ടിയ ബാറുകള്‍ തുറക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ മദ്യഷാപ്പുകള്‍ കുറച്ചുകൊണ്ടുവരുന്നതിനു പകരം വഴിയോരങ്ങള്‍ തോറും ഷാപ്പുകള്‍ തുറക്കുന്നത് ആപത്കരവും പ്രതിഷേധാര്‍ഹവുമാണ്. ഈ നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നും കെ എം മാണി പറഞ്ഞു.
Next Story

RELATED STORIES

Share it