Flash News

മദീനയില്‍ ലഭിച്ചത് ദുരിതപൂര്‍ണമായ താമസം : കേന്ദ്ര ഹജ്ജ് മിഷനെതിരേ ഹാജിമാര്‍



കൊച്ചി: സംസ്ഥാനത്തു നിന്നുള്ള ഒരു സംഘം ഹാജിമാര്‍ക്ക് മദീനയില്‍ ദുരിതപൂര്‍ണമായ താമസമാണ് ലഭിച്ചതെന്നു പരാതി. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ഹാജിമാരാണ് തങ്ങളുടെ ദുരിതാനുഭവങ്ങള്‍ പങ്കുവച്ചത്. മദീന പള്ളിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു താമസസ്ഥലം ലഭിച്ചത്. താമസസ്ഥലത്ത് നിന്നു പള്ളിയിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താതിരുന്നതിനാല്‍ എല്ലാവരും സ്വന്തം നിലയില്‍ വാഹനത്തിനു പണം നല്‍കി യാത്ര ചെയ്യേണ്ടിവരുകയായിരുന്നുവെന്നും മടങ്ങിയെത്തിയ പൂച്ചാക്കല്‍ സ്വദേശിയും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അബൂബക്കര്‍ പറഞ്ഞു. താമസിക്കുന്ന ഹോട്ടലില്‍ കുടിക്കാനുള്ള വെള്ളം പോലും ലഭ്യമാക്കിയില്ലെന്നും ഹാജിമാര്‍ പരാതിപ്പെട്ടു. ഹാജിമാര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിനല്‍കേണ്ട കേന്ദ്ര ഹജ്ജ് മിഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരേ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കേന്ദ്ര ഹജ്ജ് കോ-ഓഡിനേറ്റര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്കും പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നുള്ള തങ്ങളുടെ ഗ്രൂപ്പിലുണ്ടായിരുന്ന 300ലധികം ഹാജിമാരുടെയും അവസ്ഥ ഇതായിരുന്നുവെന്നും അബൂബക്കര്‍ പറഞ്ഞു. എട്ടു ദിവസമാണ് ഹാജിമാര്‍ മദീനയില്‍ താമസിച്ചത്. ഈ ദിവസങ്ങളില്‍ മദീന പള്ളിയില്‍ പലരും നടന്നാണ് എത്തിയത്. മക്കയില്‍ ഡ്യൂട്ടിയിലുള്ള കേന്ദ്ര ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരില്‍ മലയാളികളാരും തന്നെ ഇല്ലാതിരുന്നതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്നുവെന്ന് ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി സ്വദേശി ഹബീബ് പറഞ്ഞു. കേരളത്തില്‍ നിന്നു ഹാജിമാരോടൊപ്പം യാത്രയായിരുന്ന വോളന്റിയര്‍മാരില്‍ പലര്‍ക്കും ഹിന്ദിയോ അറബിയോ വശമില്ലാതിരുന്നതുമൂലം ഹാജിമാരുടെ പരാതികള്‍ ബന്ധപ്പെട്ടവരെ ധരിപ്പിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. മലയാളി ഹാജിമാര്‍ക്ക് മദീനയില്‍ അസൗകര്യം നേരിട്ടത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഹജ്ജ് കമ്മിറ്റി, മക്ക, മദീന ഹറമുകളുടെ ചുമതലയുള്ള ഗവര്‍ണര്‍, സൗദി കോണ്‍സല്‍ ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി പറഞ്ഞു. ഹാജിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍  സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേരാന്‍ തീരുമാനിച്ചതായും അ ദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it