മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

കൊച്ചി: കേരളത്തില്‍ മതനിരപേക്ഷത തകര്‍ക്കാനും സമൂഹത്തെ ഭിന്നിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരേ ശക്തമായും ജാഗ്രതയോടെയുമാണു സര്‍ക്കാര്‍ നിലകൊള്ളുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ മേലധികാരികളും സംഘടനാ ഭാരവാഹികളുമായി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങളും പട്ടികജാതി വിഭാഗങ്ങളുമാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. ഇതിനു നേതൃത്വം നല്‍കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ട ചിലര്‍ ഈ അക്രമികളുടെ ക്യാംപില്‍ ചെന്നുപെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ഒരു പട്ടികജാതി സംഘടന തന്നെ ഇത്തരക്കാരുടെ കൂടെപ്പോയി അവരെ സഹായിക്കുന്നു. മതസൗഹാര്‍ദം നിലനിന്നു പോവുന്നതിന് തങ്ങള്‍ മതനിരപേക്ഷതയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ പോര, വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാനും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പെണ്‍കുട്ടിയ കൊലപ്പെടുത്തിയവര്‍ തന്നെയാണു കേരളത്തില്‍ വാട്‌സ് ആപ്പ് ഹര്‍ത്താലിന് ചരടു വലിച്ചത്. സമൂഹത്തിലെ അമര്‍ഷം മുതലെടുത്തു കലാപാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം പോലിസിന്റെ ജാഗ്രത മൂലമാണ് ഒഴിവായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ശരിയായി പ്രവര്‍ത്തിക്കുന്നവരെ കൂടുതല്‍ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിദ്യാര്‍ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും ഒരു പൈസ പോലും വാങ്ങാത്ത പാരമ്പര്യമാണ് മുന്‍കാലങ്ങളില്‍ ന്യൂനപക്ഷ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ സ്വാശ്രയരീതി വന്നതോടെ ഈ സേവന കാഴ്ചപ്പാടില്‍ മാറ്റമുണ്ടായിട്ടുണ്ട്.  എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയല്ലാതെ മറ്റൊരു കൈകടത്തലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമുക്തി പോലുള്ള പദ്ധതികള്‍ ബോധവല്‍ക്കരണത്തിലൂടെ മദ്യപാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ടൂറിസം രംഗത്ത് ശ്രീലങ്കയുമായി മല്‍സരിക്കേണ്ട സാഹചര്യമുള്ളപ്പോള്‍ യാഥാര്‍ഥ്യബോധമില്ലാത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ല.
പെന്തക്കോസ്ത് വിഭാഗത്തിന് മതം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തീരദേശ പരിപാലന നിയമം മൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാവണമെന്ന് സമുദായ നേതാക്കള്‍ അഭ്യര്‍ഥിച്ചു. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാത്യു അറക്കല്‍, ജോജു മാത്യൂസ്, സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ അപ്രേം, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ് സംസാരിച്ചു. ബിഷപ്പ് പദവിയില്‍ 50 വര്‍ഷം തികച്ച കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേമിനെ മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു.
അഡ്വ. വി സി സെബാസ്റ്റ്യന്‍, ഫാ. മാത്യു കല്ലിങ്കല്‍, ഗ്ലാഡ്‌സണ്‍ ജേക്കബ്, ബിനു കാര്‍ഡസ്, അരുണ്‍ ഡേവിഡ്, ജേക്കബ് ഉമ്മന്‍, സി ജോണ്‍ മാത്യു, ഡോ. ബെന്യാമിന്‍ ചിറ്റിലപ്പിള്ളി, ഫാ. റോയ് മാത്യു വടക്കേല്‍, ഡോ. കെ സി ജോണ്‍, ഡോ. മാത്യു കുരുവിള, പ്രഫ. മാത്യൂസ് വാഴക്കുന്നം, പ്രഫ. മോനമ്മ കൊക്കാട്, എസ് ജെ സാംസണ്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it