Idukki local

മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടം; അമിതഭാരം കയറ്റിയ ലോറികള്‍ കയറി പാലം തകരുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മണ്ണ് മാഫിയായുടെ അഴിഞ്ഞാട്ടം തുടരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണ് വ്യാപകമായി മണ്ണെടുപ്പ് തുടരുന്നത്. ഏറെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന എരുമാല കോളനി നെടുകെ പിളര്‍ന്ന് മണ്ണെടുക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി.
ഇവിടെനിന്നു അമിതഭാരം കയറ്റിവരുന്ന ലോറികള്‍ തലങ്ങും വിലങ്ങും ഓടി കുടയ്ക്കാമരം ഗുരുമന്ദിരം ജങ്ഷനിലെ പാലം ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലെത്തി. ജിയോളജി വകുപ്പിനെ സ്വാധീനിച്ച് വിവിധ നിര്‍മ്മാണ ജോലികള്‍ക്കെന്ന പേരില്‍ മണ്ണെടുക്കാന്‍ അനുമതി നേടുന്ന മാഫിയ സംഘം പ്രദേശത്തെ മലകള്‍ മുഴുവന്‍ തുരന്ന് മണ്ണ് കടത്തിയിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിഷേധവുമായി ഇപ്പോള്‍ എത്തുന്നില്ല.
തിരഞ്ഞെടുപ്പ് ഫണ്ട് മുന്നില്‍ കണ്ടുള്ള വഴിവിട്ട സഹായമെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പെരിങ്ങാല, അരീക്കര, കൊഴുവല്ലൂര്‍, കുടയ്ക്കാമരം എന്നിവിടങ്ങളില്‍ വ്യാപകമായി മലയിടിച്ച് മണ്ണ് കടത്തുന്നുണ്ട്. പുലര്‍ച്ചെ ടിപ്പര്‍ ലോറികളുടെ ടയര്‍ റോഡില്‍ പതിയുന്ന അടയാളം നോക്കിച്ചെന്ന് പണം പിരിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയാണ് മാഫിയാ സംഘങ്ങളെ സഹായിക്കുന്നത്.
കുടയ്ക്കാമരം പാലം തകര്‍ന്നുവീണാല്‍ കിടങ്ങന്നൂര്‍, വല്ലന ഭാഗങ്ങളിലുള്ളവര്‍ക്ക് പുറം ലോകത്തെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. കടുത്ത വേനലില്‍ കുടിവെള്ളത്തിനുപോലും ക്ഷാമം അനുഭവപ്പെടുന്ന വീട്ടമ്മമാര്‍ മണ്ണ് മാഫിയ സംഘത്തെ തടയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഗുണ്ടകളുടെ സഹായത്താല്‍ ഇവരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്.
പോലിസ് വഴിപാടുപോലെ ചില വണ്ടികള്‍ പിടികൂടുന്നുണ്ടെങ്കിലും നൂറുകണക്കിന് ലോറികള്‍ പിടിയിലാകാതെ മണ്ണ് കടത്തുകയആണ്. രാത്രികാലങ്ങളില്‍ ഗുണ്ടാ സംഘങ്ങളുടെ പിന്‍ബലത്തിലാണ് മണ്ണ് കടത്തുന്നത്.
Next Story

RELATED STORIES

Share it