malappuram local

മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു; ഫലപ്രദമല്ലെന്നു ഡാം സംരക്ഷണ സമിതി

തിരൂരങ്ങാടി: മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണട്ടാംപാറ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തിയതിനാല്‍ ഉപ്പു വെള്ളം പുഴയിലേക്ക് തന്നെ ഒഴുകുന്നു. കഴിഞ്ഞ ദിവസമാണ് അധികൃതര്‍ മൂന്നു ഷട്ടറുകളും അടച്ചത്. മൂന്നു ഷട്ടറുകളില്‍ ഒന്ന് പാടെ ദ്രവിച്ചിട്ടുണ്ട്. രണ്ടെണ്ണം രണ്ടുവര്‍ഷം മുമ്പ് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നെങ്കിലും മണല്‍ ചാക്കുകള്‍ നിരത്താത്തത് കാരണം ഉപ്പുവെള്ളം തടയുന്നതിന് പരിഹാരമായിട്ടില്ല.
തകരാറിലായ ഷട്ടറുകള്‍ അടക്കുന്നതോടെ പൂര്‍ണമായും ഉപ്പുവെള്ളം തടയുന്നതിനായി മണല്‍ ചാക്കുകള്‍ നിരത്തി ഇടയില്‍ മണ്ണ് നിറക്കാറുണ്ട്. എന്നാല്‍ ഈ പ്രവൃത്തി വൈകുന്നത് കാരണം ശുദ്ധജലം കടലിലേക്കൊഴുകുകയും വേലിയേറ്റസമയങ്ങളില്‍ ഉപ്പുവെള്ളം പുഴയിലെത്തുകയും ചെയ്യുന്നുണ്ട്. എല്ലാവര്‍ഷവും നവംബര്‍ അവസാന വാരത്തിലോ, ഡിസംബര്‍ ആദ്യവാരത്തിലോ ഷട്ടര്‍ താഴ്ത്താറാണ് പതിവ്. എന്നാല്‍ ഇത്തവണ ഷട്ടര്‍ താഴ്ത്താന്‍ ഒരു മാസത്തോളം വൈകിയത് നാട്ടുകാരെയും, കര്‍ഷകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
മൂന്നിയൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന്, തിരൂരങ്ങാടി, നന്നമ്പ്ര, എ ആര്‍ നഗര്‍, വേങ്ങര തുടങ്ങി പത്തോളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കൃഷിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് തടയണ നിര്‍മിച്ചത്.
അണക്കെട്ടിന്റെ സംരക്ഷണത്തില്‍ കാലങ്ങളായി അധികൃതര്‍ കാണിക്കുന്ന അലംഭാവം തുടരുന്ന പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ഡാം സംരക്ഷണ സമിതി കണ്‍വീനര്‍ കടവത്ത് മൊയ്തീന്‍കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it