kannur local

മണ്ടൂര്‍ ബസ്സപകടം : കലക്ടര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു



കണ്ണൂര്‍: പഴയങ്ങാടി മണ്ടൂര്‍ കെഎസ്പിടി റോഡില്‍ ടയര്‍ പഞ്ചറായി നിര്‍ത്തിയിട്ട ബസ്സിനു പിറകില്‍ മറ്റൊരു ബസ്സിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ സര്‍ക്കാറിനു പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെയാണ് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സംസ്ഥാന സര്‍ക്കാറിനു റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചേക്കും. മരണപ്പെട്ടവരുടെ വിവരങ്ങള്‍, അപകടത്തിലുണ്ടായ മറ്റു നഷ്ടങ്ങള്‍, രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച റിപോര്‍ട്ടാണ് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നിവര്‍ക്ക് സമര്‍പ്പിച്ചത്. അടിയന്തിര സഹായമായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപവീതവും പരിക്കേറ്റവര്‍ക്ക് പരിക്കിന്റെ സ്വഭാവത്തിനു അനുസരിച്ചുള്ള തുകയും അനുവദിക്കണമെന്നാണ് റിപോര്‍ട്ടിലെ ആവശ്യം. അപകടം സംമ്പന്ധിച്ച് വിശദമായ റിപോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45 ഓടെയാണ് മണ്ടൂര്‍ ജുമാമസ്ജിദിനു സമീപം ബസ് അപകടമുണ്ടായത്. അഞ്ചു പേര്‍ മരിക്കുകയും 18പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ഇപ്പോഴും മംഗലാപരുത്ത് ചികില്‍സയിലാണ്. ഏഴോംമൂല സ്വദേശിനിയും പുതിയങ്ങാടി ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ പി പി സുബൈദ (40), മകനും നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ മുഫീദ് (18), പാപ്പിനിശ്ശേരി ബാപിക്കാന്‍ തോടിനു സമീപം എം പി ഹൗസില്‍ പൊന്നമ്പിലാത്ത് കെ മുസ്തഫ (58), ചെറുവത്തൂരിലെ വ്യാപാരി പയ്യന്നൂര്‍ പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം കോളിയത്ത് അബ്ദുല്‍ കരീം (35), ചെറുകുന്ന് അമ്പലപ്പുറം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ സുജിത്ത് പട്ടേരി (35) എന്നിവരാണ് മരിച്ചത്. പയ്യന്നൂരില്‍നിന്ന് പഴയങ്ങാടിയിലേക്കുള്ള അന്‍വിദ എന്ന ബസ്സിന്റെ ടയര്‍ മണ്ടൂര്‍ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്ത് കേടായിരുന്നു. തുടര്‍ന്ന് ഈ ബസ്സില്‍ നിന്നിറങ്ങി അടുത്ത ബസ് കാത്തുനിന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചു മിനുട്ടിനു ശേഷം വന്ന വിഘ്‌നേശ്വര എന്ന ബസ്സിന് ഇവര്‍ കൈ കാട്ടിയെങ്കിലും അമിതവേഗത്തിലെത്തിയ ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it