മണിയാര്‍ ഡാമിന് സുരക്ഷാപ്രശ്‌നങ്ങളില്ല; ആശങ്ക വേണ്ടെന്ന് അധികൃതര്‍

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ഡാം സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു. അതിതീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ഡാമിനും അനുബന്ധ നിര്‍മിതികള്‍ക്കും ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഇവ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്നതല്ല. കേടുപാടുകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസര്‍ച്ച് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. പമ്പ ജലസേചനപദ്ധതിയുടെ ഭാഗമായ മണിയാര്‍ ഡാം കഴിഞ്ഞ ദിവസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് കേടുപാടുകള്‍ വിലയിരുത്തി. അഞ്ച് സ്പില്‍വേകളില്‍ ഒന്നിന്റെ ഉപരിതലത്തിലെ ഫേസിങ് കല്ലുകള്‍ ഇളകിയിട്ടുണ്ട്. ഡാമിന് താഴെ ഇടതു ഗൈഡ്‌വാളിന്റെ അടിഭാഗത്തെ കെട്ട് ഇളകി മണ്ണൊലിച്ചിട്ടുണ്ട്. രണ്ടു സ്പില്‍വേ ഷട്ടറുകളുടെ ബോഗി വീലുകളും തകരാറിലായിട്ടുണ്ട്. ജലസംഭരണിയില്‍ നിന്നു ജലവിതരണത്തിനുള്ള കനാല്‍ തുടങ്ങുന്നിടത്തെ ബൈല്‍മൗത്തിന്റെ ഭിത്തികള്‍ ഇടിയുകയും ട്രാഷ് റാക്കിന് സ്ഥാനചലനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഡാമിന് താഴെയുള്ള നദീസംരക്ഷണഭിത്തിക്കും കേടുപാട് സംഭവിച്ചു. എന്നാല്‍, ഇവയൊന്നും ഡാമിന് സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. തുലാവര്‍ഷത്തിനും അടുത്ത ജലവിതരണ സീസണും മുമ്പ് കേടുപാടുകള്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it