മണിപ്പൂരിനും ഗോവയ്ക്കും പിന്നാലെ മേഘാലയ; പാഠം പഠിക്കാതെ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയെന്ന പ്രഖ്യാപനവുമായാണ് വടക്കുകിഴക്ക ന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപി തേരോട്ടം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന് പിടിവള്ളിയായി നില കൊണ്ടത് മേഘാലയ മാത്രം. എക്‌സിറ്റ്‌പോളുകള്‍ ബിജെപി മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും ഇവിടെ 21 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും ഒറ്റക്കക്ഷിയായി. 19 സീറ്റുമായി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി രണ്ടാമതെത്തിയപ്പോള്‍ ബിജെപിക്ക് നേടാനായത് രണ്ട് സീറ്റ് മാത്രമാണ്.
എന്നാല്‍, അവസാനത്തെ നിര്‍ണായക നിമിഷങ്ങളിലെ ചടുലമായ നീക്കങ്ങളാണ് കേവലം രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബിജെപിയെ സംസ്ഥാന ഭരണത്തിലേക്ക് നയിച്ചത്. മുമ്പ് മണിപ്പൂരിലും ഗോവയിലും പരീക്ഷിച്ച് വിജയിച്ച ചാണക്യതന്ത്രംതന്നെയാണ് അമിത്ഷാ-മോദി കൂട്ടുകെട്ട് സംസ്ഥാനത്തും ആവര്‍ത്തിച്ചത്. ഒമ്പതു വര്‍ഷമായി അധികാരത്തിലുള്ള കോ ണ്‍ഗ്രസ്സിന് ഒരുമുഴം മുമ്പേ എറിഞ്ഞ ബിജെപിയുടെ തന്ത്രം ഇത്തവണയും വിജയംകണ്ടു.
തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിച്ചെങ്കിലും ബിജെപി നീക്കം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയ കോണ്‍ഗ്രസ് നേതൃത്വത്തിന് കാലിടറുന്നതാണ് പിന്നീട് കണ്ടത്. മറ്റു മുന്നണികളെ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായെത്തിയത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കിരണ്‍ റിജിജു എന്നിവരുടെ നേതൃത്വത്തിലാണ് ബിജെപി ഈ രാഷ്ട്രീയ തന്ത്രം മേഘാലയയില്‍ നടപ്പാക്കിയത്. ഇതോടെ എന്‍പിപിയുമായി സഖ്യമുണ്ടാക്കി 34 എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാവും.
ഇതോടെ ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും എന്‍ഡിഎ—ക്ക് അധികാരം കൈയടക്കാനായി.
ഗോവയിലും മണിപ്പൂരിലുമുണ്ടായ അനുഭവത്തില്‍നിന്നു പാഠം പഠിക്കാത്ത നേതൃത്വത്തിനെതിരേ പാര്‍ട്ടി അണികള്‍ക്കിടയില്‍നിന്നു മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ രാജ്യം വിട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it