kannur local

മട്ടന്നൂര്‍ വ്യവസായ പാര്‍ക്കിന് വീണ്ടും ജീവന്‍ വയ്ക്കുന്നു

മട്ടന്നൂര്‍: ജില്ലയിലെ വ്യവസായ വികസനം ലക്ഷ്യമാക്കി മട്ടന്നൂരില്‍ ആരംഭിച്ചവ്യവസായ പാര്‍ക്കിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. വ്യവസായ പാര്‍ക്കിലേക്കുള്ള റോഡ് നിര്‍മാണം തുടങ്ങാന്‍ തീരുമാനമായി. ഇതിനായി 13 കോടി രൂപയുടെ ടെന്‍ഡര്‍ സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കരാര്‍ നല്‍കിയാലുടന്‍ റോഡ് നിര്‍മാണം ആരംഭിക്കും. സ്ഥലമേറ്റെടുത്തെങ്കിലും ചെറിയ മണ്‍പാതകള്‍ മാത്രമാണ് ഉള്ളത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കീഴല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വെള്ളിയാംപറമ്പിലാണ് പാര്‍ക്കിന് തറക്കല്ലിട്ടത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് സ്ഥലമേറ്റെടുത്ത് ചുറ്റുമതില്‍, കവാടനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി. മറ്റ് അനുബന്ധപ്രവൃത്തികളും ആരംഭിച്ചു. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി സ്ഥലം എംഎല്‍എ ഇ പി ജയരാജന്‍ വ്യവസായമന്ത്രി ആയപ്പോള്‍ പ്രതീക്ഷ വര്‍ധിച്ചെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം അദ്ദേഹം രാജിവച്ചതോടെ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലായി. ഇ പി ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച് പദ്ധതിക്ക് വേഗം കൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ രൂപരേഖ തയ്യാറാക്കിയെങ്കിലും തുടര്‍നടപടികള്‍ മന്ദീഭവിച്ചു. ആധുനികരീതിയിലുള്ള വ്യവസായ പാര്‍ക്കിന് 140 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര എറ്റെടുത്തത്.
തൊട്ടടുത്ത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിക്കുമ്പോള്‍ നിരവധി വ്യവസായ സംരഭങ്ങളിലൂടെ കയറ്റുമതി ലക്ഷ്യമിട്ട പദ്ധതിയുടെ പ്രാരംഭപ്രവൃത്തികള്‍ക്ക് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അനുബന്ധ റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതിയും തയ്യാറാക്കിയിരുന്നു. 107 കോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ 40 ഏക്കറില്‍ പ്ലാസ്റ്റിക് പാര്‍ക്ക്, പ്രത്യേക മേഖലയില്‍ റീ സൈക്ലിങ് ഫാക്ടറി ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ തുടങ്ങാനാണു തീരുമാനിച്ചത്. 40 കോടി രൂപ ലഭ്യമാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it