kannur local

മട്ടന്നൂര്‍ നഗരസഭയില്‍ മാസ്റ്റര്‍പ്ലാന്‍ യഥാര്‍ഥ്യമാവുന്നു



മട്ടന്നൂര്‍: നഗരസഭയില്‍ ഇനി പുതുതായി കെട്ടിടങ്ങളും വീടുകളും നിര്‍മിക്കണമെങ്കില്‍ മാസ്റ്റര്‍ പ്ലാന്‍ നിര്‍ബന്ധം. പഴയ നിയമപ്രകാരം കെട്ടിടാനുമതി വാങ്ങിവച്ചവര്‍ക്ക് നിയമം ബാധകമല്ല. മാസ്റ്റര്‍ പ്ലാനിന്റെ കരട് രേഖ ഇതിനകം അംഗീകരിച്ചു. ഇനി ടൗണ്‍ പ്ലാനറുടെ അന്തിമാനുമതി ലഭിച്ചാല്‍ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടനിര്‍മാണത്തിന് അനുമതി നല്‍കുക.  നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കെട്ടിടങ്ങളും വീടുകളും എടുക്കുമ്പോള്‍ 24, 18, 15, 12, 6 മീറ്റര്‍ ദുരപരിധി നിശ്ചയിച്ചിട്ടുണ്ട്. തലശ്ശേരി-കുടക് റോഡില്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ റോഡ് ഉള്‍പ്പെട 24 മീറ്റര്‍ വിട്ടുവേണം നിര്‍മാണം നടത്താന്‍. ശിവപുരം, മട്ടന്നൂര്‍ തുടങ്ങിയ വിവിധ റോഡുകളില്‍ 18 മീറ്റര്‍, മറ്റു റോഡുകളുടെ പ്രത്യേകത അനുസരിച്ച് 15 മുതല്‍ 6 മീറ്റര്‍ വരെ ദൂരപരിധിയില്‍ മാത്രമേ കെട്ടിടം പണിയാന്‍ കഴിയൂ. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ എന്ന ആശയം കൊണ്ടുവന്നത്. ഇതുസംബന്ധിച്ച് നിരവധി ചര്‍ച്ചകളും വികസന സെമിനാറും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിലേക്ക് അയച്ചത്. ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ 60 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. അതിനുശേഷമാണ് മാസ്റ്റര്‍ പ്ലാനിന്റെ കരടിന് അംഗീകാരം ലഭിച്ചത്. ഇനി സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ നിയമമായി മാറും. മട്ടന്നൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചും നഗരസൗന്ദര്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് മാസ്റ്റര്‍ പ്ലാനിന് രൂപംനല്‍കിയത്. മാസ്റ്റര്‍ പ്ലാന്‍ വരുന്നതിനു മുമ്പുതന്നെ നിരവധി കെട്ടിടങ്ങളാണ് നിര്‍മാണാനുമതി നേടിയത്. വിമാനത്താവളം വരുന്നതിന്റെ ഭാഗമായി കോടികള്‍ മുടക്കി മട്ടന്നൂര്‍ ടൗണ്‍ പരിസരത്ത് നിരവധി പേരാണ് സ്ഥലം വാങ്ങി. ഇതില്‍ പലതും അഞ്ചും പത്തും സെന്റ് സ്ഥലമാണ്. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ദൂരപരിധി പാലിച്ചാല്‍ പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണു ഉണ്ടാവുക. മാസ്റ്റര്‍ പ്ലാന്‍ വരുന്നതോടെ മട്ടന്നൂരിന്റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it