Flash News

മഞ്ചേശ്വരത്തെ സോളാര്‍ പാര്‍ക്ക് സര്‍ക്കാര്‍ ഉപേക്ഷിച്ചു



എ  പി  വിനോദ്

കാസര്‍കോട്: എതിര്‍പ്പില്ലാതിരുന്നിട്ടും പൈവളിഗെ, മീഞ്ച പഞ്ചായത്തുകളിലെ 80 മെഗാവാട്ട് സോളാര്‍ വൈദ്യുതി പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2015 ജൂലൈ 24ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് പൈവളിഗെ, മീഞ്ച, ചിപ്പാര്‍, കരിന്തളം, കിനാനൂര്‍ വില്ലേജുകളില്‍ സോളാര്‍ പാര്‍ക്കിനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. എന്നാല്‍, കഴിഞ്ഞ ഒക്ടോബര്‍ 24ലെ ഉത്തരവു പ്രകാരം സോളാര്‍ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ച അമ്പലത്തറ ഒഴികെയുള്ള പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കുകയായിരുന്നു. അമ്പലത്തറയില്‍ 484.32 ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബിക്ക് പാട്ടത്തിനു നല്‍കിയത്. ജില്ലയില്‍ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സിപിഎം ഭരിക്കുന്ന മടിക്കൈ, കിനാനൂര്‍, കരിന്തളം പഞ്ചായത്തുകള്‍ പദ്ധതിക്കെതിരേ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ഇപ്പോള്‍ സോളാര്‍ പാര്‍ക്ക് നിര്‍മിച്ച 250 ഏക്കര്‍ സ്ഥലത്ത് മാത്രം പാര്‍ക്ക് മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇവിടെ 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനം മാത്രമാണ് നടക്കുന്നത്. കാസര്‍കോട് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാ ന്‍ 1084 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിരുന്നു. മീഞ്ചയിലും പൈവളിഗെയിലുമുള്ള 100 ഏക്കര്‍ സ്ഥലത്ത് താമസക്കാര്‍ക്ക് ഉടമസ്ഥാവകാശം ഉള്ളതിനാല്‍ തുടക്കത്തില്‍ ഇവിടെ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കമുള്ള സ്ഥലം മാറ്റി താമസക്കാര്‍ക്ക് നല്‍കാന്‍ റവന്യൂ വകുപ്പും പഞ്ചായത്തുകളും ധാരണയിലെത്തി. എന്നാല്‍, ബാക്കിയുള്ള 380 ഏക്കറില്‍ നിന്നു 80 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമായിരുന്നു. നിലവില്‍ സോളാര്‍ പാര്‍ക്കിന് അമ്പലത്തറയില്‍ നല്‍കിയ 250 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കുമെന്നും ഇതു കെഎസ്ഇബിക്ക് ആദ്യ അഞ്ചു വര്‍ഷം സൗജന്യമായും പിന്നീട് 27 വര്‍ഷം വിപണിവിലയുടെ രണ്ടു ശതമാനം വിലയീടാക്കി നല്‍കുമെന്നുമാണ് പുതിയ ഉത്തരവില്‍ പറയുന്നത്. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും കെഎസ്ഇബിയുടെയും സംയുക്ത സംരംഭമായ റിന്യൂവല്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയ്ക്കാണ് നിര്‍മാണ ചുമതല. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ജില്ലയിലെ സോളാര്‍ പാര്‍ക്ക് 250 ഏക്കര്‍ ഭൂമിയില്‍ മാത്രം ഒതുക്കാന്‍ കാരണം. ഈ കത്തി ല്‍ പറയുന്നത്, ആന്ധ്രയില്‍ നിന്നുള്ള ഒരു കമ്പനിയാണ് സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്നതെന്നാണ്. എന്നാല്‍, വസ്തുത മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സോളാര്‍ പാര്‍ക്ക് വരുന്നതിന് പഞ്ചായത്ത് എതിരല്ലെന്നും ഭരണസമിതി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ലെന്നും സിപിഎം ഭരിക്കുന്ന പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ജെ ഷെട്ടി പറഞ്ഞു. സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് തങ്ങള്‍ അനുകൂലമായിരുന്നെന്നും പാര്‍ക്കിന്റെ നിര്‍മാണം ഉപേക്ഷിച്ച വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ഷുക്കൂര്‍ പറഞ്ഞു. വൈദ്യുതിക്ഷാമം രൂക്ഷമായ കാസര്‍കോട് ജില്ലയ്ക്ക് നേട്ടമായി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സോളാര്‍ പാര്‍ക്ക് വേണ്ടെന്നുവച്ചത് സര്‍ക്കാരിന്റെ വികസനവിരുദ്ധതയ്ക്ക് തെളിവാണെന്ന് പി ബി അബ്ദുര്‍റസാഖ് എംഎല്‍എ തേജസിനോട് പറഞ്ഞു. ഇക്കാര്യം റവന്യൂ-വൈദ്യുതി മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it