malappuram local

മഞ്ചേരി താമരശ്ശേരി കറുത്തേടത്ത് സ്‌കൂളിലെ അധ്യയനം തകര്‍ന്ന കൂരയ്ക്കു കീഴെ

മഞ്ചേരി: പൊതുമേഖല വിദ്യാഭ്യാസത്തിനു പ്രസക്തി വര്‍ധിക്കുകയും സംസ്ഥാനത്ത് സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിക്കുമ്പോഴും ജീവഭയത്തിലാണ് മഞ്ചേരി താമരശ്ശേരി കറുത്തേടത്ത് എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.
കാലപ്പഴക്കത്താല്‍ തകരാറായ കെട്ടിടങ്ങളിലാണ് അധ്യയനം നടക്കുന്നത്. പ്രധാന കെട്ടിടത്തിന് എട്ടു പതിറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. തറ തകര്‍ന്നതും മേല്‍ക്കൂര ദ്രവിച്ച് ചോര്‍ന്നൊലിക്കുന്നതുമായ കെട്ടിടത്തില്‍ കുട്ടികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി വൈകുന്നു. ഇതിനെതിരേ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭമാരംഭിച്ചിരിക്കുകയാണ് നാട്ടുകാര്‍. രാജ്യം സ്വതന്ത്രമാവുന്നതിനും എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് 1939 ലാണ് വിദ്യാലയം സ്ഥാപിതമാവുന്നത്. നിരവധി തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയം അനിവാര്യമായ ഇടപെടലുകളില്ലാത്തതിനാല്‍ അപകടങ്ങള്‍ പ്രതീക്ഷിക്കുകയാണ്. പഴയ കെട്ടിടത്തില്‍ പട്ടികകള്‍ ദ്രവിച്ച് കനത്ത മഴയിലും കാറ്റിലും ഓടിളകി വീഴുന്ന സംഭവങ്ങളും ചോര്‍ച്ച കാരണം പഠനം മുടങ്ങുന്നതും പതിവായിട്ടുണ്ട്. ക്ലാസ് മുറികളുടെ തറയും പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായി. പുതുതായി നിര്‍മിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിലും സുരക്ഷാ വെല്ലുവിളി തീര്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രശ്‌നം കാരണം വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുറയുകയാണ്.
അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളുടെ എണ്ണം തികക്കാന്‍ അധ്യാപകര്‍ നാടലയുന്ന സ്ഥിതിയാണ്. അടുത്ത പ്രദേശങ്ങളില്‍ പൊതുവിദ്യാലയങ്ങളില്ലാത്തതിനാല്‍ വന്‍ തുക ഫീസ് നല്‍കി കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കാത്ത സാധാരണക്കാരുടെ മക്കളാണ് കറുത്തേടത്ത് എയ്ഡഡ് മാപ്പിള എല്‍പി സ്‌കൂളില്‍ ബഹു ഭൂരിപക്ഷവും. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ എട്ടു ഡിവിഷനുകളിലായി 146 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. പത്ത് അധ്യാപകരും ജോലിചെയ്യുന്നു. കുട്ടികള്‍ കുറഞ്ഞു തുടങ്ങിയതോടെ പ്രീ പ്രൈമറി ക്ലാസുകളും പിടിഎയുടെ നേതൃത്വത്തില്‍ തുടങ്ങി. ഇതടക്കം 200ാളം കുരുന്നുകളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്. ഇത്തവണ ഇതുവരെ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ലഭിച്ചിട്ടില്ല.
എല്ലാ വര്‍ഷവും കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്താതെ കെട്ടിടത്തിന് ഫിറ്റ്നസ് നേടിയെടുക്കാറാണുള്ളതെന്നും ഇത്തവണ അതനുവദിക്കില്ലെന്നും ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് നാട്ടുകാര്‍. ഇതിനായി കര്‍മസമിതിയും രൂപീകരിച്ചു. സ്‌കൂള്‍ മാനേജറുടെ നിഷേധാത്മക നിലപാടാണ് വിദ്യാലയ പുനരുദ്ധാരണത്തിനു പ്രധാന വെല്ലുവിളിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍, ബാലാവകാശ കമ്മീഷന്‍, നഗരസഭ, ഉപജില്ല വിദ്യാഭ്യ ഓഫിസര്‍ കര്‍മ സമിതി പരാതി നല്‍കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി വിവര ശേഖരണം നടത്തി. ഇതില്‍ തുടര്‍ നടപടികള്‍ പ്രതീക്ഷിക്കുകയാണ് താമരശ്ശേരിയിലെ ജനങ്ങള്‍. പൊതുമേഖല വിദ്യാലയങ്ങള്‍ ഹൈടെക് ഭാവത്തിലേക്കു മാറുമ്പോഴാണ് മഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ കറുത്തേടത്തു സ്‌കൂള്‍ ഇല്ലായ്മയുടെ ദുരിതം പേറുന്നത്. അടിത്തറയും മേല്‍ക്കൂരയും വരെ തകര്‍ന്ന കെട്ടിടം ഈ കാലവര്‍ഷം അതിജീവിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും നാട്ടുകാരും. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് പരാധീനതകള്‍ക്കിടയിലും വിദ്യാലയത്തില്‍ നടക്കുന്നത്. ഈ പൊതുമേഖല വിദ്യാലയം നാടിനു നഷ്ടമായിക്കൂടെന്നും വലിയ ദുരന്തത്തിന് വിദ്യാലയം കാരണമാവുന്നതിനുമുമ്പ് സംരക്ഷിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിന് സര്‍ക്കാറിന്റേയും ബന്ധപ്പെട്ട വകുപ്പധികാരികളുടേയും പിന്തുണയാണ് ഇവര്‍ തേടുന്നത്.
Next Story

RELATED STORIES

Share it