Flash News

മകനെ മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കി പീഡിപ്പിക്കുന്നതായി പിതാവിന്റെ പരാതി



തൃശൂര്‍: മാപ്പുസാക്ഷിയായി വെറുതെവിടേണ്ട മകനെ ദുബയ് മനുഷ്യക്കടത്ത് കേസില്‍ പ്രതിയാക്കി കുടുംബത്തെ ഒന്നടങ്കം പീഡിപ്പിക്കുന്നതായി പിതാവിന്റെ പരാതി. നെടുമ്പാശ്ശേരി എമിഗ്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ചില പ്രതികളെയും വെറുതെവിട്ടിട്ടും നിരപരാധിത്വം തെളിയിക്കാന്‍ കോടതി കയറിയിറങ്ങി നടക്കേണ്ട അവസ്ഥയിലാണ് മകന്‍. കേസ് നടത്തിപ്പിന് പണമോ, കയറിക്കിടക്കാന്‍ ഒരു വീടോ ഇല്ലാത്ത അവസ്ഥയില്‍ മരുമകന്റെ വീട്ടിലാണ് തങ്ങള്‍ കഴിയുന്നതെന്നും കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും കേസില്‍ സിബിഐ 11ാം പ്രതിയാക്കിയ സിറാജ് ചാഴൂരിന്റെ പിതാവ് ചാഴൂര്‍ വലിയകത്ത് സെയ്തു വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. 2012ല്‍ ടാക്‌സി ഓട്ടം പോയതിനിടെ പരിചയപ്പെട്ട സേതുലാല്‍ എന്ന ആളാണ് മകനെ ചതിച്ചത്. ഒരു ചെറിയ ജോലി ഏല്‍പിക്കുന്നുവെന്ന വ്യാജ്യേന സേതുലാല്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് സിറാജിനെ എത്തിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കായി ദുബയിലേക്കു കയറ്റിവിടുന്ന ഒരു യുവതി പോയോ ഇല്ലയോ എന്ന് മകനില്‍നിന്നും അറിയുകയായിരുന്നു സേതുലാലിന്റെ ഉദ്ദേശ്യം. പെണ്‍വാണിഭസംഘം നടത്തിയ കരുനീക്കത്തില്‍ മകന്‍ പെട്ടുപോവുകയായിരുന്നു. നാലുവര്‍ഷം മുമ്പ് പത്രങ്ങളിലൂടെയാണ് ഈ റാക്കറ്റിനെകുറിച്ച് അറിയുന്നത്. ദിവസങ്ങള്‍ക്കുശേഷം സംഘം പിടിയിലായി. പിന്നീടാണ് മകനുനേരെ കേസും പോലിസ് ഭീഷണിയും വന്നത്. പ്രശ്‌നങ്ങള്‍ ഒതുങ്ങിയെന്ന് കരുതി സിറാജ് ഖത്തറിലേക്ക് ജോലിക്കു പോയ ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണവുമായി മകളുടെ വീട്ടിലെത്തിയത്. നാട്ടിലെത്തിയ മകനെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന കണ്ണിയെന്ന രീതിയില്‍ സിബിഐ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് പോലിസ് പിടിച്ചുവയ്ക്കുകയും വിസ കാന്‍സലാവുകയും ചെയ്തതോടെ ലക്ഷങ്ങളുടെ കടബാധ്യതയുമായി. എല്ലാം തുറന്നുപറഞ്ഞതിന്റെ പേരില്‍ മകന് ജീവനുവരെ ഭീഷണിയുണ്ട്. നിരപരാധിത്വം തെളിയിക്കാനോ സഹായിക്കാനോ ആരും ഇല്ലാത്ത അവസ്ഥയിലാണ് സിറാജിന്റെ ഭാര്യയും കുഞ്ഞും വൃദ്ധ ദമ്പതികളായ തങ്ങളും അടങ്ങുന്ന കുടുംബം മകളുടെ വീട്ടില്‍ കഴിയുന്നതെന്നും സെയ്തു പറഞ്ഞു.
Next Story

RELATED STORIES

Share it