Flash News

ഭ്രഷ്ട് വിവാദം പുറത്തു കൊണ്ടുവന്ന അഭിഭാഷകന് മര്‍ദനം



മാനന്തവാടി: പ്രണയവിവാഹത്തിന്റെ പേരില്‍ സാമുദായിക ഭ്രഷ്ട് കല്‍പ്പിച്ചുവെന്ന വിവാദവുമായി ബന്ധപ്പെട്ട് വിഷയം പുറത്തുകൊണ്ടുവന്ന അഭിഭാഷകന് മര്‍ദനം. നഗരത്തിലെ ഏരുമത്തെരുവില്‍ താമസിക്കുന്ന യാദവ കുടുംബത്തിലെ ഭ്രഷ്ട് വിവാദവുമായി ബന്ധപ്പെട്ടാണ് താലപ്പൊലി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടായത്. മാരിയമ്മന്‍ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച താലപ്പൊലി മൊബൈല്‍ ഫോ ണില്‍ പകര്‍ത്താന്‍ ശ്രമിച്ച  അഡ്വക്കറ്റ് ശ്രീജിത്ത് പെരുമനയ്(30)ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. താലപ്പൊലി ഘോഷയാത്ര എരുമത്തെരുവ് പാല്‍ സൊസൈറ്റിക്ക് സമീപമെത്തിയപ്പോള്‍ ശ്രീജിത്തിനെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. താലപ്പൊലി ചടങ്ങുകളില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട അരുണിനെയും സുകന്യയെയും പങ്കടുപ്പിക്കില്ലെന്ന് കരുതിയാണ് ശ്രീജിത്ത് വീഡിയോ റിക്കാര്‍ഡ് ചെയ്തതെന്നാണ് കരുതുന്നത്. എന്നാല്‍, ഇത് നേരത്തേ മനസ്സിലാക്കിയ സംഘാടകര്‍ ആരെയും ദ്രവ്യം സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നില്ല. താലപ്പൊലി യാത്ര സമാപിക്കാനിരിക്കെയാണ് മര്‍ദനം നടന്നത്.  ഓടിരക്ഷപ്പട്ട് സമീപത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ കയറിയ ഇദ്ദേഹത്തെ പിന്തുടര്‍ന്നെത്തിയ ആറോളം യുവാക്കള്‍ ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന് മാനന്തവാടി പോലിസെത്തിയാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, താലപ്പൊലി യാത്രയ്ക്കിടെ സ്്ത്രീകള്‍ക്കിടയിലേക്ക് കാമറയുമായി വന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചുവെന്നും ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതുമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് യാദവസമുദായാംഗങ്ങളുടെ വിശദീകരണം. സംഭവത്തില്‍ എട്ടുപേര്‍ ചികില്‍സ തേടി. അഡ്വക്കറ്റ് ശ്രീജിത് പെരുമന(30), പ്രണയ വിവാഹം ചെയ്തതിനെ തുടര്‍ന്ന് ഭ്രഷ്ട് കല്‍പ്പിച്ചതായി ആരോപിക്കുന്ന സുകന്യയുടെ മാതാപിതാക്കളായ ഗോവിന്ദരാജ്(53), സുജാത (42), സഹോദരന്‍ ഗോകുല്‍ (21), യാദവ സമുദായ പ്രവര്‍ത്തകരായ ബാബു (43), ജിജേഷ് (38), ഉമ (47), ശ്യാമള (40) എന്നിവരാണ് ചികില്‍സ തേടിയത്. സംഘര്‍ഷത്തിനിടെ ശ്രീജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുകന്യയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റത്. പോലിസ് ഇരുകൂട്ടര്‍ക്കെതിരേയും കേസെടുത്തു.
Next Story

RELATED STORIES

Share it